‘ഉളുപ്പ്’ എന്ന വാക്കിന്റെ അർത്ഥമറിയാമെങ്കിൽ പിണറായി രാജിവെക്കണം; സർക്കാരും പ്രതിപക്ഷവും തമ്മിൽ ഒത്തുകളിയെന്ന് ഷോൺ ജോർജ്

Estimated read time 1 min read

കോട്ടയം: ‘ഉളുപ്പ്’ എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി വിജയൻ അടിയന്തരമായി രാജിവെക്കാൻ തയ്യാറാകണമെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ പണ്ട് ഇതേ വാക്ക് പ്രയോഗിച്ച വ്യക്തിയാണ് പിണറായി. നിലവിൽ പിണറായിക്കെതിരെ നടപടിയെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വമെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിൽ യാതൊരു വിശ്വാസവുമില്ല. കഴിഞ്ഞ 35 ദിവസമായി നടന്ന കാര്യങ്ങളിൽ നിന്ന് അത് വ്യക്തമാണ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് ശേഷവും പിണറായിയെ സഹായിക്കുന്ന നിലപാടാണ് വി.ഡി. സതീശൻ സ്വീകരിക്കുന്നത്. ഇതിൽ കൂടുതൽ സഹായം പിണറായിക്ക് സംസ്ഥാന സർക്കാരിന് ചെയ്യാനില്ല. പിണറായി അല്ലാതെ കൊള്ളാവുന്ന ആരും സി.പി.എമ്മിൽ ഇല്ലേ എന്ന് ചോദിച്ച അദ്ദേഹം, സി.പി.എം ഇപ്പോൾ കേവലം ‘പിണറായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി’യായി മാറിയിരിക്കുകയാണെന്നും വിമർശിച്ചു. വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെടുന്നില്ലെങ്കിൽ എൽ.ഡി.എഫ് ഘടകകക്ഷികളെങ്കിലും ഇടപെടാൻ തയ്യാറാകണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

ഡമ്മി പ്രതിപക്ഷ നേതാവിനെയാണ് വി.ഡി. സതീശന് ആവശ്യമെന്നും സർക്കാരും പ്രതിപക്ഷവും തമ്മിൽ കേസിൽ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലാവരെയും കേട്ട ശേഷമുള്ള ഈ നടപടികൾ ഇവർ രണ്ടല്ല ഒന്നാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്. പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരാളുടെ മൊഴി പോലും രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം (SIT) തയ്യാറായിട്ടില്ല. ഹവാല ഇടപാടുകൾ എന്ന് കേൾക്കുമ്പോൾ ലീഗിന് വലിയ ഭയമുള്ളതുകൊണ്ട് കൂടിയാണ് പിണറായിയെ രക്ഷിക്കാൻ ശ്രമിക്കുന്നത്. സഖാവ് വി.എസ് അച്യുതാനന്ദൻ ജീവിച്ചിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചുപോകുകയാണെന്ന് പറഞ്ഞ അദ്ദേഹം, കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. പിണറായിയെ ജയിലിലടക്കുമെന്ന് ജനങ്ങൾക്ക് നൽകിയ വാക്ക് ബി.ജെ.പി പാലിക്കുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.

+ There are no comments

Add yours