രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം, മതവികാരം വ്രണപ്പെടുത്തി; ആർ. ശ്രീലേഖയ്ക്കെതിരെ പരാതിയുമായി കെ.എസ് ശബരീനാഥൻ

Estimated read time 1 min read

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ഹിന്ദു മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് മുൻ പോലീസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖയ്ക്കെതിരെ കെ.എസ് ശബരീനാഥൻ പോലീസിൽ പരാതി നൽകി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കാണ് അദ്ദേഹം പരാതി കൈമാറിയത്.

കഴിഞ്ഞ ദിവസം കൊല്ലം പുനലൂരിൽ നടന്ന ബി.ജെ.പി പ്രതിഷേധ ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ആർ. ശ്രീലേഖയുടെ വിവാദ പരാമർശം. ഡൽഹിയിലെ സമരത്തിന്റെ പശ്ചാത്തലത്തിൽ സംസാരിച്ച അവർ, മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്ന് അധിക്ഷേപിച്ചിരുന്നു. ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ ‘താണ്ഡവ’ നൃത്തത്തെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ചത് ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നതാണെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ശബരീനാഥൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വിവാദ പരാമർശം പിൻവലിക്കണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ശബരീനാഥൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നേരിട്ട് കമ്മീഷണർക്ക് പരാതി നൽകിയത്. അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപത്തിൽ ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം സംസ്ഥാന ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്.

+ There are no comments

Add yours