മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മറ്റന്നാൾ ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ദേശീയ പതാക ഉയർത്തിക്കൊണ്ടായിരിക്കും പ്രതിഷേധമെന്ന് സി.ജെ.പി ദേശീയ കൺവീനർ അഭിജിത് ദീപ്കെ അറിയിച്ചു. തുടർ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി അദ്ദേഹം മഹാരാഷ്ട്രയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം, വിലക്ക് ലംഘിച്ച് ജന്തർ മന്തറിൽ മിന്നൽ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ സി.ജെ.പി സഹകൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തിഹാർ ജയിലിലേക്ക് മാറ്റി. അജിൻക്യ ഷിൻഡെയുടെയും ഇവരുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ 14 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതിൽ സൗരവിനെയും അശുതോഷിനെയുമാണ് അന്യായമായി അതിക്രമിച്ചു കടക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി റിമാൻഡ് ചെയ്തത്.

സി.ജെ.പി നേതാക്കളുടെ അറസ്റ്റിനെ അപലപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഡി.എം.കെ, എ.എ.പി ഉൾപ്പെടെയുള്ള പാർട്ടികളും രംഗത്തെത്തി. യുവാക്കളെ തടവിലാക്കുന്നത് സർക്കാരിന്റെ ഭീരുത്വമാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. പിന്തുണ പ്രഖ്യാപിച്ച നേതാക്കൾക്ക് അഭിജിത് ദീപ്കെ നന്ദി അറിയിച്ചു. ഇന്ത്യാ സഖ്യവുമായി സി.ജെ.പിക്ക് ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളും അദ്ദേഹം നിഷേധിച്ചു.




+ There are no comments
Add yours