കൊൽക്കത്തയിൽ വീണ്ടും കാൽപ്പന്താവേശം; ബാഴ്‌സലോണ – റയൽ മാഡ്രിഡ് ലെജൻഡ്‌സ് ‘എൽ ക്ലാസിക്കോ’ നവംബറിൽ

Estimated read time 1 min read

ലോക ഫുട്ബോളിലെ ചിരവൈരികളായ ബാഴ്‌സലോണയുടെയും റയൽ മാഡ്രിഡിന്റെയും ഇതിഹാസ താരങ്ങൾ മാറ്റുരയ്ക്കുന്ന ‘എൽ ക്ലാസിക്കോ’ ലെജൻഡ്‌സ് പോരാട്ടത്തിന് കൊൽക്കത്ത വേദിയാകുന്നു. നവംബർ 25-ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ (വിവേകാനന്ദ യുവഭാരതി ക്രീരംഗൻ) വെച്ചാണ് ഈ പ്രദർശന മത്സരം അരങ്ങേറുന്നത്. പശ്ചിമ ബംഗാൾ കായിക മന്ത്രി ഇന്ദ്രനീൽ ഖാനാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മത്സരത്തിനുള്ള അന്തിമ ടീമുകളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫുട്ബോൾ ലോകത്തെ മുൻനിര താരങ്ങൾ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു ക്ലബ്ബുകൾക്കുമായി ബൂട്ടണിഞ്ഞ പോർച്ചുഗീസ് ഇതിഹാസം ലൂയിസ് ഫിഗോ, മുൻ ബാഴ്‌സലോണ നായകൻ കാർലെസ് പുയോൾ, മുൻ റയൽ മാഡ്രിഡ് ഗോൾകീപ്പർ ഇകർ കസിയ്യസ് തുടങ്ങിയ പ്രമുഖർ കളത്തിലിറങ്ങിയേക്കുമെന്നാണ് സൂചന.

ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ എൽ ക്ലാസിക്കോ ലെജൻഡ്‌സ് പോരാട്ടമാണിത്. കഴിഞ്ഞ വർഷം മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഫെർണാണ്ടോ മൊറിയന്റസ്, ഡേവിഡ് ബരാൽ എന്നിവരുടെ ഗോളുകളുടെ മികവിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബാഴ്സയെ പരാജയപ്പെടുത്തിയിരുന്നു. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാഴ്‌സലോണ കൊൽക്കത്തയിൽ വീണ്ടും പന്തുതട്ടാനെത്തുന്നത്. 2018 സെപ്റ്റംബറിൽ മോഹൻ ബഗാനെതിരെ സാൾട്ട് ലേക്കിൽ നടന്ന അവസാന മത്സരത്തിൽ ബാഴ്‌സലോണ എതിരില്ലാത്ത ആറ് ഗോളുകൾക്ക് വിജയിച്ചിരുന്നു.

+ There are no comments

Add yours