രാത്രി ഉറങ്ങുന്നതിന് മുൻപ് ലഘുഭക്ഷണങ്ങൾ (Snacks) കഴിക്കുന്ന ശീലമുള്ളവരിൽ ഫാറ്റി ലിവർ ഉൾപ്പെടെയുള്ള ഗുരുതരമായ കരൾരോഗങ്ങൾക്ക് സാധ്യത കൂടുതലാണെന്ന് പഠനം. ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അത്താഴത്തിന് ശേഷമോ ഉറങ്ങുന്നതിന് തൊട്ടുമുൻപോ ഭക്ഷണം കഴിക്കുന്നത് ലിവർ സിറോസിസ് ഉൾപ്പെടെയുള്ള രോഗങ്ങളിലേക്ക് നയിക്കുമെന്ന് ‘ക്ലിനിക്കൽ ഗാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി’ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഭക്ഷണരീതിയിലുണ്ടായ മാറ്റങ്ങളും വ്യായാമക്കുറവും കാരണം യുവാക്കൾക്കിടയിൽ മെറ്റബോളിക് ഡിസ്ഫങ്ഷൻ അസോസിയേറ്റഡ് സ്റ്റിയാട്ടോട്ടിക് ലിവർ ഡിസീസ് (MASLD) ഉൾപ്പെടെയുള്ള ഫാറ്റി ലിവർ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ പഠനം പുറത്തുവരുന്നത്. രണ്ട് ലക്ഷത്തോളം ആളുകളുടെ ഭക്ഷണക്രമവും ജീവിതരീതികളും ഉൾപ്പെട്ട മുൻകാല ഡാറ്റകൾ വിശകലനം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. രാത്രി വൈകി ഭക്ഷണം കഴിക്കാത്തവരെ അപേക്ഷിച്ച്, ഈ ശീലമുള്ളവരിൽ എല്ലാത്തരം കരൾരോഗങ്ങൾക്കുമുള്ള സാധ്യത 20 മുതൽ 30 ശതമാനം വരെ കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

രാത്രി വൈകിയുള്ള ഭക്ഷണശീലം പൊണ്ണത്തടിക്കും ഹൃദ്രോഗങ്ങൾക്കും കാരണമാകുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. രാത്രിയിൽ ദഹനപ്രക്രിയ മന്ദഗതിയിലാകുന്നതിനാൽ ഇത് പ്രമേഹത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും വഴിതെളിക്കും. ഭക്ഷണവും ഉറക്കവും തമ്മിലുള്ള സമയക്രമം തെറ്റുമ്പോൾ അത് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് കരളിനെയാണ്. എന്നാൽ, ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് തന്നെ ഉയർന്ന കലോറി അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് കരൾരോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും ഗവേഷകർ നിർദ്ദേശിക്കുന്നു.




+ There are no comments
Add yours