പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മയുടെ ജില്ലാ പഞ്ചായത്ത് അംഗത്വം ചോദ്യം ചെയ്ത് സിപിഐ നൽകിയ ഹർജി വിചാരണ കോടതി തള്ളി. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ശ്രീനാദേവി നൽകിയ വാസസ്ഥലം സംബന്ധിച്ച വിവരങ്ങൾ തെറ്റാണെന്ന് കാണിച്ച് സിപിഐ നേതാവ് മുരുകേഷ് നൽകിയ ഹർജിയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി (നാല്) വിചാരണയ്ക്കെടുക്കാതെ തള്ളിയത്. ജഡ്ജി ഡോണി തോമസ് വർഗീസാണ് വിധി പ്രസ്താവിച്ചത്.

പള്ളിക്കൽ ജനശക്തി വാർഡിലെ കൊല്ലശ്ശേരിൽ വീട്ടിൽ ശ്രീനാദേവി സ്ഥിരതാമസക്കാരിയല്ലെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. എന്നാൽ, ‘സാധാരണ വാസസ്ഥലം’ സംബന്ധിച്ച തർക്കം ഒരു തിരഞ്ഞെടുപ്പ് ഹർജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്നും ഹർജിയിൽ സാങ്കേതിക പിഴവുകളുണ്ടെന്നുമുള്ള ശ്രീനാദേവിയുടെ അഭിഭാഷകൻ അഡ്വ. വി.ആർ. സോജിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നേരത്തെ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച സമയത്തും സിപിഐ ഇതേ പരാതി ഉന്നയിച്ചിരുന്നെങ്കിലും, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ശ്രീനാദേവിയുടെ അംഗത്വം ശരിവെക്കുകയാണ് ചെയ്തത്. ഇതിനെതിരെ നൽകിയ അപ്പീൽ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറും തള്ളിയിരുന്നു. ചട്ടപ്രകാരം വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ജോയിന്റ് രജിസ്ട്രാറുടെ തീരുമാനമാണ് അന്തിമമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കൂടി പരിഗണിച്ചാണ് കോടതി നടപടി.




+ There are no comments
Add yours