തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ മരണത്തിൽ ഒൻപത് വർഷങ്ങൾക്ക് ശേഷം നിർണായക വഴിത്തിരിവ്. സംഭവത്തിൽ തറവാട്ടിലെ കാര്യസ്ഥനായ രവീന്ദ്രൻ നായരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2017 ഏപ്രിൽ രണ്ടിന് നടന്ന മരണത്തിൽ വർഷങ്ങൾ നീണ്ട അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ഒടുവിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജയമാധവൻ നായരെ അന്ന് മരിച്ച നിലയിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അബോധാവസ്ഥയിലായ വിവരം അയൽവാസികളെ അറിയിക്കാതിരുന്നതും, തൊട്ടടുത്തുള്ള ആശുപത്രികളെ ഒഴിവാക്കി ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതും അന്ന് തന്നെ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത കരമന പോലീസ് പിന്നീട് തെളിവുകളുടെ അഭാവത്തിൽ കേസ് എഴുതിത്തള്ളി. എന്നാൽ, പൊതുപ്രവർത്തകനായ അനിലും കുടുംബാംഗമായ പ്രസന്നകുമാരിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

2019-ൽ കേരളത്തെ നടുക്കിയ കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പര പുറത്തുവന്നതോടെയാണ് കൂടത്തിൽ തറവാട്ടിലെ മരണങ്ങളും വീണ്ടും ചർച്ചയായത്. കഴിഞ്ഞ 15 വർഷത്തിനിടെ ഈ തറവാട്ടിൽ ഏഴ് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. ഇതോടെ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രവീന്ദ്രൻ നായർ ഉൾപ്പെടെ പത്തുപേർക്കെതിരെ കേസെടുത്തെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവം അന്വേഷണത്തിന് തടസ്സമായി നിന്നു.

പിന്നീട് വന്ന ഫോറൻസിക് പരിശോധനാ ഫലമാണ് കേസിൽ നിർണായകമായത്. തലയ്ക്കേറ്റ കനത്ത അടിയാണ് ജയമാധവൻ നായരുടെ മരണകാരണമെന്ന് പരിശോധനയിൽ തെളിഞ്ഞതോടെ മരണം കൊലപാതകമാണെന്ന് ഉറപ്പിച്ചു. അന്ന് സംസ്ഥാന പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശപ്രകാരം വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ കൂടി ചുമത്തി അന്വേഷണം വിപുലീകരിച്ചു. ബ്രെയിൻ മാപ്പിങ് ഉൾപ്പെടെയുള്ള ആധുനിക പരിശോധനകളിലൂടെ തെളിവുകൾ ശേഖരിച്ച അന്വേഷണ സംഘം, കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് രവീന്ദ്രൻ നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ കാര്യസ്ഥന്റെ നേതൃത്വത്തിൽ നടന്ന കൊലപാതക പരമ്പരയാണോ കൂടത്തിൽ തറവാട്ടിൽ നടന്നതെന്നാണ് ഇനി പോലീസിന് കണ്ടെത്താനുള്ളത്. 15 വർഷത്തിനിടെ നടന്ന മറ്റ് ഏഴ് മരണങ്ങളിലെ ദുരൂഹതകളും വരുംദിവസങ്ങളിൽ അന്വേഷണ വിധേയമാകും.




+ There are no comments
Add yours