ജർമനിയിലെ കൊളോണിൽ ഹ്യൂമനോയ്ഡ് റോബോട്ടിനെ ഉപയോഗിച്ച് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിലായി. റോബോട്ടിന്റെ ഉടമയായ 16-കാരനെയും ഇയാളുടെ 19 വയസ്സുള്ള സുഹൃത്തിനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് സമീപത്ത് വെച്ചുണ്ടായ ഈ അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.

ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. മാർവൽ സൂപ്പർഹീറോ അയൺമാനോട് സാമ്യമുള്ള, ചുവപ്പും സ്വർണ്ണവും നിറങ്ങളിലുള്ള നാലടി ഉയരമുള്ള റോബോട്ടാണ് പെൺകുട്ടിയുടെ അടുത്തേക്ക് എത്തിയത്. ഈ റോബോട്ട് പെൺകുട്ടിയെ പിടിച്ചുവലിക്കുകയും ശരീരത്തിൽ മോശമായി സ്പർശിക്കുന്ന തരത്തിൽ ചലനങ്ങൾ നടത്തുകയും ചെയ്തതായി പോലീസ് പറയുന്നു. റോബോട്ട് അടുത്തേക്ക് വരുമ്പോൾ പെൺകുട്ടി ഭയന്ന് നിലവിളിച്ച് പിന്നിലേക്ക് മാറുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീഡിയോ പകർത്തുന്നതിനിടെ പ്രതികൾ ലൈവ് സ്ട്രീമിൽ കമന്റുകൾ പറഞ്ഞിരുന്നതായും പോലീസ് സംശയിക്കുന്നു.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ്, ഒരു ഫോക്സ്വാഗൺ കാറിന്റെ ഡിക്കിയിൽ നിന്നാണ് റോബോട്ടിനെ കണ്ടെത്തിയത്. പ്രതികളുടെ രണ്ട് മൊബൈൽ ഫോണുകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. അതിക്രമം നടക്കുന്ന സമയത്ത് റിമോട്ട് കൺട്രോൾ വഴി ആരാണ് റോബോട്ടിനെ നിയന്ത്രിച്ചിരുന്നതെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ രണ്ട് യുവാക്കളും പോലീസിന്റെ നിരീക്ഷണത്തിലാണ്.




+ There are no comments
Add yours