യു.ഡി.എഫ് ഭരിക്കുന്ന വള്ളിക്കുന്ന് പഞ്ചായത്തിൽ ബി.ജെ.പി പ്രവർത്തകർക്ക് അനധികൃത നിയമനം; 15 വർഷം സർവീസുള്ളവരെ പിരിച്ചുവിട്ടതിനെതിരെ യൂത്ത് കോൺഗ്രസ്

Estimated read time 1 min read

മലപ്പുറം: യു.ഡി.എഫ് ഭരിക്കുന്ന വള്ളിക്കുന്ന് പഞ്ചായത്തിൽ 15 വർഷത്തോളമായി ജോലി ചെയ്യുന്ന താത്കാലിക തൊഴിലാളികളെ പിരിച്ചുവിട്ട് ബി.ജെ.പി പ്രവർത്തകർക്ക് അനധികൃത നിയമനം നൽകിയതായി ആരോപണം. താത്കാലിക ജീവനക്കാരുടെ കാലാവധി ദീർഘിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് മറികടന്നാണ് പുതിയ നിയമനങ്ങൾ നടത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലെ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന പഞ്ചായത്തിൽ ബി.ജെ.പി-ആർ.എസ്.എസ് നേതാക്കൾക്കും അവരുടെ ഭാര്യമാർക്കും ജോലി നൽകിയതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി, ഈ നടപടി അടിയന്തരമായി തിരുത്തണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നൽകി. അനർഹരായവരെ നിയമിച്ചതിലെ മാനദണ്ഡങ്ങൾ പരിശോധിച്ച് പാർട്ടി നേതൃത്വം ഗൗരവമായി ഇടപെടണമെന്നും വ്യക്തമായ വിശദീകരണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

നിയമനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിച്ച് നീതിയും സുതാര്യതയും ഉറപ്പാക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ പ്രധാന ആവശ്യം. തെറ്റായ നടപടികൾക്കൊപ്പം നിൽക്കില്ലെന്ന് വ്യക്തമാക്കിയ പ്രവർത്തകർ, അനധികൃതമായി നിയമിച്ചവരെ ഏഴ് ദിവസത്തിനകം പിരിച്ചുവിട്ടില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിലേക്ക് ശക്തമായ സമരം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

+ There are no comments

Add yours