വിമാനത്താവളങ്ങൾക്കും വിശുദ്ധ നഗരങ്ങൾക്കും നേരെ ആക്രമണം: ഹൂതികൾക്ക് കടുത്ത മുന്നറിയിപ്പുമായി സൗദി മന്ത്രിസഭ

Estimated read time 1 min read

റിയാദ്: വിമാനത്താവളങ്ങൾ, സിവിലിയൻ കേന്ദ്രങ്ങൾ, മക്കയും മദീനയും ഉൾപ്പെടെയുള്ള വിശുദ്ധ നഗരങ്ങൾ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തുന്ന ഹൂതികൾ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭായോഗം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷ പൂർണ്ണമായും ഉറപ്പാക്കുമെന്നും ചെങ്കടൽ വഴിയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്താൻ ആരെയും അനുവദിക്കില്ലെന്നും സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും അധ്യക്ഷതയിൽ റിയാദിൽ ചേർന്ന യോഗം വ്യക്തമാക്കി.

വിദേശ രാജ്യങ്ങളുടെ സഹകരണത്തോടെ ഇത്തരം ആക്രമണങ്ങളെ കർശനമായി ചെറുക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്ന സൗദി സായുധ സേനയെയും യമനിൽ പ്രവർത്തിക്കുന്ന അറബ് സഖ്യസേനയെയും യോഗം അഭിനന്ദിച്ചു.

അതിനിടെ, ഹൂതി ആക്രമണത്തിന് ഇരയായ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ് ലൈനിലെ വിതരണം വളരെ വേഗത്തിൽ പുനഃസ്ഥാപിക്കാൻ സാധിച്ചതായി മന്ത്രിസഭ അറിയിച്ചു. സൗദി ഊർജ്ജ മേഖലയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഉയർന്ന പ്രതിരോധ ശേഷിയാണ് ഇത് തെളിയിക്കുന്നതെന്ന് യോഗം വിലയിരുത്തി.

+ There are no comments

Add yours