റിയാദ്: വിമാന സർവീസുകൾ ലഭ്യമല്ലാത്തതിനെ തുടർന്ന് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്ക് യാതൊരുവിധ പിഴയും ഇല്ലാതെ സൗദി അറേബ്യയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അനുമതി. റിയാദിലെ ഇന്ത്യൻ എംബസിയാണ് പ്രവാസികൾക്ക് ആശ്വാസകരമായ ഈ വിവരമറിയിച്ചത്. അതേസമയം, മേഖലയിലെ നിലവിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സൗദിയിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരും കടുത്ത ജാഗ്രത പാലിക്കണമെന്നും എംബസി നിർദ്ദേശിച്ചു.
വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുകയും സർവീസുകൾ റദ്ദാക്കുകയും ചെയ്തതോടെ നിരവധി ഇന്ത്യൻ പൗരന്മാരാണ് സൗദി അറേബ്യയിൽ കുടുങ്ങിക്കിടക്കുന്നത്. സന്ദർശക, ടൂറിസ്റ്റ്, ഉംറ, ബിസിനസ് വിസകളിൽ രാജ്യത്തെത്തിയ പലരുടെയും വിസാ കാലാവധി ഇതിനകം അവസാനിച്ചിരുന്നു. പുതിയ തീരുമാനപ്രകാരം ഇത്തരം യാത്രക്കാർക്ക് സാമ്പത്തിക പിഴയോ മറ്റ് നിയമനടപടികളോ ഇല്ലാതെ രാജ്യം വിടാനാകും. എന്നാൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്ന മുറയ്ക്ക് എത്രയും വേഗം ഇവർ മടങ്ങണം. നേരിട്ടുള്ള വിമാനങ്ങൾ ലഭ്യമല്ലാത്തവർക്ക് ഖത്തർ, ബഹ്റൈൻ തുടങ്ങിയ അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങൾ വഴിയുള്ള സർവീസുകളും പ്രയോജനപ്പെടുത്താമെന്ന് എംബസി വ്യക്തമാക്കി.
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരിൽ നാലുപേർ തീവ്രപരിചരണ വിഭാഗത്തിലും (ICU) നാലുപേർ സാധാരണ വാർഡിലും ചികിത്സയിലാണെന്ന് എംബസി സ്ഥിരീകരിച്ചു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിൽ നിന്നും പോസ്റ്റ് ചെയ്യുന്നതിൽ നിന്നും പൗരന്മാർ പൂർണ്ണമായും വിട്ടുനിൽക്കണമെന്നും എംബസി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




+ There are no comments
Add yours