ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യവും സി.ജെ.പിയും (CJP). ഇനിമുതൽ സമാന്തര പ്രതിഷേധങ്ങൾ ഉണ്ടാകില്ലെന്നും ഒറ്റക്കെട്ടായി പോരാട്ടം മുന്നോട്ടുകൊണ്ടുപോകുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ജന്തർ മന്ദിറിലെ പ്രതിഷേധ വിലക്കിനെതിരെ ഇന്ത്യ സഖ്യം കോടതിയെ സമീപിക്കാനൊരുങ്ങുമ്പോൾ, ഡൽഹിയിൽ ഇന്നും മിന്നൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് നീക്കം.
ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ തെരുവ് പ്രക്ഷോഭം തുടരുമെന്ന് കോൺഗ്രസ് നേതാവ് കനയ്യ കുമാർ വ്യക്തമാക്കി. ഡൽഹി രാംലീലാ മൈതാനത്ത് പ്രതീകാത്മക പാർലമെന്റ് സംഘടിപ്പിച്ച് കമ്മീഷണറെ കുറ്റവിചാരണ ചെയ്യുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾ ഇന്നുണ്ടാകും. അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദി രാഹുൽ ഗാന്ധിയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് തോൽവി തന്നെയായിരിക്കും ഫലമെന്നും കുറ്റപ്പെടുത്തി.
അതിനിടെ, ജന്തർ മന്ദിറിൽ അനുമതിയില്ലാതെ പ്രതിഷേധിച്ചതിന് ഇന്നലെ കസ്റ്റഡിയിലെടുത്ത സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിൻക്യ ഷിന്റെ എന്നീ മൂന്ന് സി.ജെ.പി നേതാക്കളുടെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അതിക്രമിച്ചു കയറി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നേതാക്കളെ മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റും. പോരാട്ടം നയിക്കുന്ന പ്രമുഖ നേതാക്കളെ തിഹാർ ജയിലിലടയ്ക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഗൂഢാലോചന നടക്കുകയാണെന്ന് സി.ജെ.പി നിയമകാര്യ വിഭാഗം മേധാവി രത്നാ സിംഗ് ആരോപിച്ചു.




+ There are no comments
Add yours