ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രതിഷേധം; തുടർസമരങ്ങൾക്ക് രൂപം നൽകി ഇന്ത്യാ സഖ്യം

Estimated read time 0 min read

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുന്നതുവരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാൻ ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. ഭാവി സമരപരിപാടികൾ ചർച്ച ചെയ്യുന്നതിനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരുക്കിയ യോഗത്തിന് ശേഷമാണ് നേതാക്കൾ നിലപാട് വ്യക്തമാക്കിയത്. ജനാധിപത്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടാണെന്ന് നേതാക്കൾ പ്രഖ്യാപിച്ചു.

ഇന്നലെ നടന്നത് ഐതിഹാസിക സമരമാണെന്നും വോട്ട് കൊള്ള തുറന്നുകാട്ടാൻ പ്രതിപക്ഷം ഒന്നിച്ചെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഭരണഘടനയെ തകർത്ത് മുന്നോട്ട് പോകാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും തിരഞ്ഞെടുപ്പ് കമ്മീഷണറും കരുതേണ്ടെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ഈ പോരാട്ടത്തിൽ ഒറ്റക്കെട്ടായ സമരമാണ് നടക്കുന്നതെന്നും, ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷണർ പാവയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു.

ഭരണഘടന നൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ട് ജന്തർ മന്തറിൽ ഏർപ്പെടുത്തിയ വിലക്കിനെ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, സി.പി.ഐ.എം നേതാവ് എം.എ. ബേബി, സുപ്രിയ സുലെ, പ്രശാന്ത് ഭൂഷൺ എന്നിവർ ശക്തമായി അപലപിച്ചു. ഗ്യാനേഷ് കുമാറിനെ മാഫിയയോട് ഉപമിച്ച സഞ്ജയ് റാവത്ത്, അദ്ദേഹത്തെ എങ്ങനെ നേരിടണമെന്ന് തങ്ങൾക്കറിയാമെന്ന് മുന്നറിയിപ്പ് നൽകി. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിൽ യാതൊരു പങ്കുമില്ലാത്ത ബി.ജെ.പിയാണ് തങ്ങളുടെ പ്രധാന ശത്രുവെന്ന് നേഹ ബോറ പ്രതികരിച്ചു.

+ There are no comments

Add yours