സി.എം.ആർ.എൽ – എക്സാലോജിക് കേസ്: ഹൈക്കോടതിയിൽ പിണറായി വിജയന് അനുകൂല നിലപാടുമായി സർക്കാർ; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല

Estimated read time 1 min read

കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേസിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ അനുവദിക്കാൻ ഡിവിഷൻ ബെഞ്ച് തയ്യാറായില്ല. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ നൽകാനുള്ള അനുമതി അപേക്ഷയിൽ (Leave to appeal) ഹൈക്കോടതി വിധി പറയാൻ മാറ്റി.

ഹർജിക്കാരനായ കെ.എം. ഷാജഹാനെതിരെ രൂക്ഷവിമർശനമാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചത്. ഷാജഹാൻ കോടതി അലക്ഷ്യ നടപടി നേരിടുന്ന വ്യക്തിയാണെന്നും, അതിനാൽ അദ്ദേഹത്തിന് വിശ്വാസ്യതയില്ലെന്നും അഡ്വക്കേറ്റ് ജനറൽ (എ.ജി) വാദിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തലുകൾ അപര്യാപ്തമായതിനാലാണ് കേസിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, കോടതി ഉത്തരവില്ലെങ്കിലും ഗുരുതരമായ കുറ്റമാണെങ്കിൽ വിജിലൻസിന് നേരിട്ട് കേസെടുക്കാമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിനെ എതിർക്കാനാകില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സിംഗിൾ ബെഞ്ച് വിധി സർക്കാരിന് എതിരായിട്ടും എന്തുകൊണ്ട് അപ്പീൽ നൽകിയില്ല എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, കേസിൽ പ്രാഥമിക അന്വേഷണം നടത്തണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും ലളിതകുമാരി കേസ് വിധിപ്രകാരം ഇതിൽ തെറ്റില്ലെന്നും എ.ജി മറുപടി നൽകി.

+ There are no comments

Add yours