‘ആ ഡ്രൈവർ അല്പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ…’; നെടുമ്പാശേരി അപകടത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ഗോപികയുടെ കുടുംബം

Estimated read time 0 min read

നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും ബോധപൂർവമായ ശ്രമം നടക്കുന്നതായി മരിച്ച ഗോപികയുടെ കുടുംബം ആരോപിച്ചു. സമൂഹമാധ്യമങ്ങളിലൂടെ തങ്ങൾക്കെതിരെ അധിക്ഷേപ പ്രചാരണം നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു. അടുത്തയാഴ്ച നാട്ടിലേക്ക് വരുമെന്ന് പറഞ്ഞ് ഫോൺ വെച്ച മകളുടെ വിയോഗം ഉൾക്കൊള്ളാനാവാതെ ഗോപികയുടെ അമ്മ വിങ്ങിപ്പൊട്ടി. വാഹനം ഓടിച്ചയാൾ അല്പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ തന്റെ കുഞ്ഞിന് ഈ ഗതി വരില്ലായിരുന്നുവെന്ന് അവർ കണ്ണീരോടെ പറഞ്ഞു.

പ്രതിയായ സുഹൈലിന് ഉന്നത സ്വാധീനമുണ്ടെന്നും അതാണ് കേസ് അട്ടിമറിക്കപ്പെടാൻ കാരണമെന്നും കുടുംബം ആരോപിക്കുന്നു. ഗുരുതരമായ കുറ്റം ചെയ്തിട്ടും പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതും, സ്വന്തം പിതാവ് എല്ലാം നോക്കിക്കോളുമെന്ന് പ്രതി പറഞ്ഞതും ദുരൂഹമാണ്. എഫ്.ഐ.ആറിൽ പ്രതി മദ്യപിച്ച വിവരം രേഖപ്പെടുത്തിയിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം തുന്നിക്കെട്ടിയ മൃതദേഹം വീണ്ടും അഴിച്ച് രക്തസാമ്പിൾ എടുത്തതിന് പിന്നിൽ തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കുന്നതായും കുടുംബം കൂട്ടിച്ചേർത്തു. വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബവും നേരത്തെ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

ഇതിനിടെ, നിയമപരമായ പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിന് സുഹൈൽ സജീവിനെതിരെ എക്‌സൈസ് കേസെടുത്തു. പ്രതി മദ്യത്തിന് പുറമെ മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമാകാൻ രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്. 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകിയാൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി.

+ There are no comments

Add yours