ടെഹ്‌റാൻ: ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള ചർച്ചകൾ സുഗമമാക്കാൻ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും തമ്മിൽ നടത്തിയ സംഭാഷണത്തിലാണ് ഇറാൻ ഈ വാഗ്ദാനം നൽകിയത്. ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമാകുന്നത് ഇസ്രയേലിന് മാത്രമാണ് ഗുണം ചെയ്യുകയെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

തിങ്കളാഴ്ച നടന്ന പ്രതിവാര വാർത്താസമ്മേളനത്തിൽ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഗൾഫ് മേഖലയിലെ സംഭവവികാസങ്ങളെ അതീവ ഗൗരവത്തോടെയാണ് ഇറാൻ നിരീക്ഷിക്കുന്നത്. രണ്ട് ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ ശത്രുത വളരുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല. സൈനിക നടപടികൾക്ക് മാത്രം മുൻഗണന നൽകുന്നത് ഒഴിവാക്കി രാഷ്ട്രീയ പരിഹാരം കാണണമെന്നും, അല്ലാത്തപക്ഷം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകുമെന്നും ഇറാൻ ചൂണ്ടിക്കാട്ടി.
അതിനിടെ, ഹൂതികളുടെ നടപടികൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഹൂതികൾ വളരെ മോശമായാണ് പെരുമാറുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഹൂതികൾക്കെതിരെ സൗദിക്ക് പിന്തുണ നൽകുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. അതേസമയം, ഹോർമുസ് കടലിടുക്കിൽ മേഖലയ്ക്ക് പുറത്തുള്ള വിദേശ ശക്തികൾ ഇടപെടുന്നതിനെതിരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) മേധാവി അഹമ്മദ് വാഹിദിയും രംഗത്തുവന്നു. ഇത്തരം ഇടപെടലുകൾക്ക് വിദേശ ശക്തികൾക്ക് യാതൊരു അവകാശവുമില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.




+ There are no comments
Add yours