ടെക്സാസ്: ലോകമെമ്പാടും ആരാധകരുള്ള ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘ബ്രേക്കിംഗ് ബാഡി’ലൂടെ ശ്രദ്ധേയനായ അമേരിക്കൻ നടൻ ആർജെ മിറ്റി (34) അന്തരിച്ചു. ടെക്സാസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.

ബ്രേക്കിംഗ് ബാഡിൽ കേന്ദ്രകഥാപാത്രമായ വാൾട്ടർ വൈറ്റിന്റെ മകൻ വാൾട്ടർ വൈറ്റ് ജൂനിയർ എന്ന കഥാപാത്രത്തെയാണ് മിറ്റി അവതരിപ്പിച്ചത്. സെറിബ്രൽ പാൾസി ബാധിതനായ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചതിലൂടെ, ഭിന്നശേഷി സൗഹൃദമായ പൊതുവിടങ്ങളെക്കുറിച്ചും അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വലിയ ചർച്ചകൾക്ക് അദ്ദേഹം വഴിയൊരുക്കിയിരുന്നു.
യഥാർത്ഥ ജീവിതത്തിലും സെറിബ്രൽ പാൾസി ബാധിതനായിരുന്ന മിറ്റി, ശാരീരിക പരിമിതികളെക്കുറിച്ചുള്ള പൊതുബോധം മാറ്റുന്നതിനായി ‘ദി മിറ്റി ഫൗണ്ടേഷൻ’ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു. പ്രമുഖ ആശുപത്രി ശൃംഖലയായ ഷ്രൈനേഴ്സ് ചിൽഡ്രൻസിന്റെ യുണൈറ്റഡ് സെറിബ്രൽ പാൾസി അംബാസിഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വെറുമൊരു നടൻ എന്നതിലുപരി സെറിബ്രൽ പാൾസി ബാധിതരായ ലക്ഷക്കണക്കിന് ആളുകൾക്ക് വലിയൊരു പ്രചോദനം കൂടിയായിരുന്നു അദ്ദേഹം.

മിറ്റിയുടെ വിയോഗത്തിൽ ബ്രേക്കിംഗ് ബാഡ് താരങ്ങൾ അനുശോചനം രേഖപ്പെടുത്തി. “എന്റെ ഓമന പുത്രൻ വിടവാങ്ങി. സെറിബ്രൽ പാൾസി എന്ന വെല്ലുവിളിയെ അവനൊരിക്കലും ഒരു ഒഴിവുകഴിവായി കണ്ടിട്ടില്ല. മകനേ, നിന്നെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു” എന്ന് പരമ്പരയിൽ പിതാവായ വാൾട്ടർ വൈറ്റിനെ അവതരിപ്പിച്ച ബ്രയാൻ ക്രാൻസ്റ്റൺ സോഷ്യൽ മീഡിയയിൽ കുറിച്ചു. പരമ്പരയിൽ മിറ്റിയുടെ അമ്മാവനായി വേഷമിട്ട ഡീൻ നോറിസും ഈ വാർത്ത ഹൃദയഭേദകമാണെന്ന് പ്രതികരിച്ചു.




+ There are no comments
Add yours