പത്തനംതിട്ട: ലൈംഗിക പീഡനക്കേസുകളിൽ ആരോപണവിധേയനായി പാർട്ടി നടപടി നേരിട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ പുതിയ ഇടപെടലുകളിൽ പത്തനംതിട്ട ജില്ലാ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. രാഹുലിന്റെ നടപടികൾ അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ നേതൃത്വത്തിലെ ഒരു പ്രബല വിഭാഗത്തിന്റെ നിലപാട്. വിഷയത്തിൽ രാഹുലിനെ പിന്തുണച്ച ഡി.സി.സി പ്രസിഡന്റിനെതിരെയും വിമർശനം ഉയരുന്നുണ്ട്. അടൂരിൽ അടുത്തിടെ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസിനുള്ളിലും രാഹുലിനെതിരെ എതിർപ്പ് ശക്തമാകുകയാണ്.

ഏഴംകുളത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഡൽഹി പ്രതിഷേധ പരിപാടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂവിവിളിച്ചതാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം അടൂർ ജനറൽ ആശുപത്രിയിലെത്തി എസ്.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ചുവെന്നാണ് പരാതി. ഇതിന് പിന്നാലെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്നിലും ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായി.
രാഹുലിന്റെ നേതൃത്വത്തിൽ ആസൂത്രിതമായാണ് പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതെന്നാണ് സി.പി.ഐ.എമ്മിന്റെ ആരോപണം. എന്നാൽ, തന്റെ സഹപ്രവർത്തകർ ആക്രമിക്കപ്പെടുമ്പോൾ നോക്കിനിൽക്കാനാകില്ലെന്നും അതിനാലാണ് താൻ ഇടപെട്ടതെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇതിനോട് പ്രതികരിച്ചത്.




+ There are no comments
Add yours