കനത്ത സുരക്ഷ ഭേദിച്ച് ജന്തർ മന്തറിൽ സി.ജെ.പി നേതാക്കളുടെ മിന്നൽ സമരം; മൂന്ന് പേർ കസ്റ്റഡിയിൽ

Estimated read time 0 min read

ഡൽഹി: കനത്ത സുരക്ഷാ സന്നാഹങ്ങൾ മറികടന്ന് ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) മിന്നൽ സമരം. സമീപത്തുള്ള ജെ.ഡി.യു ഓഫീസിന്റെ പിൻഭാഗത്തെ ഗേറ്റ് ചാടിക്കടന്നാണ് അശുതോഷ് റാങ്കെയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ പ്രതിഷേധ വേദിയിലെത്തിയത്. ദേശീയ പതാകയുമായി എത്തിയ സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരുൾപ്പെടെ മൂന്ന് നേതാക്കളെ പൊലീസ് ഉടനടി കസ്റ്റഡിയിലെടുത്തു.

പൊലീസിനെയും സൈന്യത്തെയും വിന്യസിച്ച് ജന്തർ മന്തറിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടയ്ക്കുകയും മാധ്യമങ്ങൾക്ക് അടക്കം വിലക്കേർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് സി.ജെ.പിയുടെ അപ്രതീക്ഷിത പ്രതിഷേധം നടന്നത്. സമരവേദിയിൽ പ്രവേശിച്ച നേതാക്കളെ പൊലീസ് ഉടൻ തന്നെ അവിടെനിന്ന് നീക്കി. പ്രതിഷേധങ്ങൾ അവസാനിച്ചിട്ടില്ലെന്നും ജന്തർ മന്തർ ഇപ്പോഴും തങ്ങളുടെ സമരവേദിയാണെന്നുമുള്ള സന്ദേശം നൽകാനാണ് ഈ മിന്നൽ സമരം സംഘടിപ്പിച്ചതെന്ന് സി.ജെ.പി വ്യക്തമാക്കി.

അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധങ്ങളും തുടരുകയാണ്. ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യാ സഖ്യം എം.പിമാർ, വിദ്യാർത്ഥി സംഘടനാ നേതാക്കൾ, പൗരസമൂഹ പ്രതിനിധികൾ എന്നിവരെ രാഹുൽ ഗാന്ധി ഇന്ന് വൈകുന്നേരം 4 മണിക്ക് തന്റെ വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

+ There are no comments

Add yours