കൊല്ലം മയ്യനാട് പുല്ലിച്ചിറ കാക്കാകടവിൽ പി.വി.സി പൈപ്പ് നിർമ്മാണ ഫാക്ടറി സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ രണ്ട് കിലോമീറ്റർ നീളത്തിൽ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചു. പരിസ്ഥിതിലോല പ്രദേശമായ ഇവിടെ ഫാക്ടറി ആരംഭിക്കുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും രാസപുകയ്ക്കും കാരണമാകുമെന്നും, ഇത് കുടിവെള്ള സ്രോതസ്സുകളെയും കായൽ വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്നുമാണ് നാട്ടുകാരുടെ ആശങ്ക.

നാട്ടുകാരുടെ എതിർപ്പും പാരിസ്ഥിതിക പ്രശ്നങ്ങളും അവഗണിച്ച് മയ്യനാട് പഞ്ചായത്ത് സമിതി ഫാക്ടറിക്ക് രഹസ്യമായി പ്രവർത്തനാനുമതി നൽകിയെന്നാണ് പ്രധാന ആരോപണം. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു.
ഫാക്ടറിക്ക് നൽകിയ അനുമതി ഉടനടി റദ്ദാക്കി പ്ലാന്റ് ഇവിടെ നിന്നും മാറ്റണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.




+ There are no comments
Add yours