എറണാകുളം: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ വാഹനാപകടത്തിൽ, കാറോടിച്ചിരുന്ന സുഹൈൽ സജീവിനെതിരെ എക്സൈസ് കേസെടുത്തു. സംസ്ഥാനത്ത് മദ്യം ഉപയോഗിക്കാനുള്ള നിയമപരമായ പ്രായം 23 വയസ്സായിരിക്കെ, പത്തൊമ്പതുകാരനായ സുഹൈൽ മദ്യപിച്ചതാണ് കേസിന് ആധാരം. പ്രതിയെ എക്സൈസ് സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

നിയമം ലംഘിച്ച് ഇയാൾക്ക് മദ്യം നൽകിയ എറണാകുളത്തെ രണ്ട് ബാറുകൾക്കും നെടുമ്പാശേരിയിലെ ഒരു ബാറിനുമെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട്. ഈ ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്ക് ശുപാർശ ചെയ്തുകൊണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ റിപ്പോർട്ട് നൽകും. ശനിയാഴ്ച ഉച്ചമുതൽ ഈ മൂന്ന് ബാറുകളിൽ നിന്നുമായി മദ്യപിച്ച ശേഷമാണ് ഇവർ യാത്ര തിരിച്ചത്.
അപകടസമയം 150 കിലോമീറ്ററിലധികം വേഗതയിലാണ് കാർ ഓടിച്ചിരുന്നതെന്ന് സുഹൈൽ മൊഴി നൽകിയിട്ടുണ്ട്. മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിക്കാൻ പ്രേരണ നൽകിയതിന് കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. സുഹൈലിനെയും സുഹൃത്ത് നിനവിനെയും നേരത്തെ കോടതി റിമാൻഡ് ചെയ്തിരുന്നു. അപകടത്തിന് ശേഷം മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ട ആലപ്പുഴ സ്വദേശികളായ അമീർ, ജോയൽ എന്നിവരെയാണ് പോലീസ് പിന്നീട് അറസ്റ്റ് ചെയ്തത്. ഇതിൽ അമീർ ഒഴികെ കാറിലുണ്ടായിരുന്ന ബാക്കി മൂന്ന് പേരും മദ്യപിച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചു.




+ There are no comments
Add yours