പാലക്കാട് എസ്എഫ്‌ഐ മാർച്ചിനിടെ അതിക്രമം: മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

Estimated read time 0 min read

പാലക്കാട്: എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ചിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തി പ്രവർത്തകരെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ ചിറ്റിലഞ്ചേരി സ്വദേശി സഫാദിനെയാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചതായി സ്ഥിരീകരിച്ചിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ച ഇടത് സംഘടനാ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിലും കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് എസ്എഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. ഈ മാർച്ചിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സഫാദ്, മദ്യപിച്ചെത്തുകയും കൈയിലുണ്ടായിരുന്ന ഇടിവള ഉപയോഗിച്ച് പെൺകുട്ടികളടക്കമുള്ള പ്രവർത്തകരെ മർദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.

സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിഷേധം ഉയർന്നതോടെ മറ്റ് ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ അവിടെനിന്നും മാറ്റിയിരുന്നു. തുടർന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് അടക്കമുള്ള നേതാക്കൾ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ വൈദ്യപരിശോധനാ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയും, ഇതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടിയുണ്ടാവുകയും ചെയ്തത്.

+ There are no comments

Add yours