സി.എം.ആർ.എൽ – എക്‌സാലോജിക് കേസ്: വിജിലൻസ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങൾ; അപ്പീലുകൾ ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ

Estimated read time 1 min read

തിരുവനന്തപുരം: സി.എം.ആർ.എൽ – എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകൾ അന്വേഷിക്കുന്നതിനായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. കൈക്കൂലി കേസും കള്ളപ്പണ ഇടപാടും ഈ സംഘങ്ങൾ വെവ്വേറെ അന്വേഷിക്കും. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സി.എം.ആർ.എല്ലിലെ മുൻ ജീവനക്കാരെയും മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെയും ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ എൽഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ED) വിജിലൻസ് കത്ത് നൽകും.

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതി, വി. എക്സാലോജിക് ഉടമ ടി. വീണ രണ്ടാം പ്രതിയുമാണ്. ഹവാല കേസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും ടി. വീണ രണ്ടാം പ്രതിയുമാണ്.

അതേസമയം, കേസുകളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. അപ്പീലുകളിലെ സാങ്കേതിക പിഴവുകൾ തിരുത്തി സമർപ്പിച്ച ശേഷമാണ് ഇന്ന് വാദം കേൾക്കുന്നത്. എഫ്.ഐ.ആർ. ഇടുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നടത്തണമെന്ന സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമാണ് സിംഗിൾ ബെഞ്ച് വിധിയെന്നാണ് അപ്പീലിലെ പ്രധാന വാദം.

കേസിൽ നിയമപരമായ തിരിച്ചടിയുണ്ടായാൽ സ്വീകരിക്കേണ്ട തുടര് നടപടികളും രാഷ്ട്രീയ പ്രതിരോധവും ചർച്ച ചെയ്യുന്നതിനായി സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പൂർണ്ണ പിന്തുണയും സംരക്ഷണവും നൽകാനാണ് പാർട്ടി തീരുമാനം.

+ There are no comments

Add yours