ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യം തലസ്ഥാനത്ത് ഇന്നും പ്രതിഷേധം തുടരും. മുന്നോട്ടുപോക്ക് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ സഖ്യത്തിലെ എം.പിമാർ, വിവിധ വിദ്യാർത്ഥി സംഘടനാ നേതാക്കൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ എന്നിവരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചായസൽക്കാരത്തിന് ക്ഷണിച്ചു. വൈകുന്നേരം 4 മണിക്ക് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച.

ചായസൽക്കാരത്തിന് ശേഷം നേതാക്കൾ സംയുക്ത വാർത്താസമ്മേളനം നടത്തുമെന്നാണ് സൂചന. കേന്ദ്ര ഏജൻസികളുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടികൾക്കെതിരെയുള്ള സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകണമെന്നാണ് സഖ്യത്തിലെ ഭൂരിഭാഗം കക്ഷികളുടെയും നിലപാട്. പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കളും ഇന്ന് ഡൽഹിയിലെത്തും.
അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യവും നൽകിയ ഹർജിയിൽ 14 സാങ്കേതിക പിഴവുകൾ സുപ്രീം കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടി. ഈ പിഴവുകൾ പരിഹരിച്ച് തിരുത്തിയ ഹർജി സമർപ്പിച്ച ശേഷമായിരിക്കും കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരിക.




+ There are no comments
Add yours