ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകൾ: പരീക്ഷണ ഓട്ടത്തിന് തുടക്കമിട്ട് ദുബായ്; വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ

Estimated read time 1 min read

ദുബായ്: നഗര ഗതാഗത രംഗത്ത് വൻ വിപ്ലവത്തിന് വഴിതുറന്നുകൊണ്ട് ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകളുടെ പരീക്ഷണ ഓട്ടത്തിന് ദുബായിൽ തുടക്കമായി. ബ്ലൂവാട്ടേഴ്‌സ് ഐലൻഡിലാണ് ‘ദുബായ് ഗ്ലൈഡ്‌വേസ് ഓട്ടോമേറ്റഡ് ട്രാൻസിറ്റ് സിസ്റ്റം’ നാല് ആഴ്ച നീണ്ടുനിൽക്കുന്ന ട്രയൽ റൺ ആരംഭിച്ചത്. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) ഡയറക്ടർ ജനറൽ മത്തർ അൽ തായർ പരീക്ഷണ ഓട്ടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

സാധാരണ പാതകളിൽ നിന്ന് മാറി ഇടുങ്ങിയ പ്രത്യേക ട്രാക്കുകളിലൂടെ സഞ്ചരിക്കുന്ന ഈ ഡ്രൈവർ രഹിത പോഡുകളിൽ ഒരേസമയം 4 മുതൽ 6 പേർക്ക് വരെ യാത്ര ചെയ്യാം. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയുള്ള ഈ പോഡുകൾക്ക് ഒറ്റ ചാർജിൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), 20 ഹൈ-റെസല്യൂഷൻ ലിഡാർ (LIDAR) സെൻസറുകൾ, റഡാർ, ക്യാമറകൾ എന്നിവ സജ്ജീകരിച്ചിട്ടുള്ള ഈ വാഹനം യാത്രക്കാരുടെ ആവശ്യാനുസരണം 24 മണിക്കൂറും സർവീസ് നടത്താൻ സജ്ജമാണ്.

പരമ്പരാഗത മെട്രോ-റെയിൽ പദ്ധതികളെ അപേക്ഷിച്ച് നിർമ്മാണ ചെലവ് 90 ശതമാനവും പ്രവർത്തന ചെലവ് 70 ശതമാനവും കുറവാണ് എന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷത. മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന ഘട്ട യാത്രാ സൗകര്യം (Last-mile connectivity) സുഗമമാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി വിജയകരമായാൽ ബിസിനസ് ബേ, ദുബായ് ഫെസ്റ്റിവൽ സിറ്റി, ജുമൈറ വില്ലേജ് സർക്കിൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. രണ്ട് ദിശകളിലേക്കുമായി മണിക്കൂറിൽ 20,000-ത്തിലധികം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ശൃംഖല നിർമ്മിക്കാനാണ് ആർ.ടി.എ പദ്ധതിയിടുന്നത്.

+ There are no comments

Add yours