മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയുടെ ‘ചലോ ദില്ലി’ മാർച്ച് ആരംഭിച്ചു. ഡൽഹിയിലെ ബാരഖംബയിൽ നിന്ന് സുപ്രീംകോടതിയിലേക്കാണ് മാർച്ച് നടക്കുന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർക്കൊപ്പം ഇൻഡ്യ സഖ്യത്തിലെ വിവിധ കക്ഷിനേതാക്കളും വിദ്യാർത്ഥി-യുവജന സംഘടനാ പ്രതിനിധികളും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.

വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കണ്ട് നിവേദനം നൽകാൻ നേതാക്കൾ നേരത്തെ സമയം ചോദിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. നേതാക്കൾ ഉന്നയിക്കുന്ന പല വിഷയങ്ങളും നിലവിൽ കോടതിയുടെ പരിഗണനയിലുള്ളതിനാൽ കൂടിക്കാഴ്ച അനുചിതമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിലപാട്.
മാർച്ചിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചു. ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് ഇൻഡ്യ സഖ്യത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധമാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കെതിരെ കൂടിയാണ് ഈ സമരമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കമ്മീഷണർ പ്രവർത്തിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിൽ പൊലീസിനെ വിന്യസിച്ചും ബാരിക്കേഡുകൾ തീർത്തും ജനകീയ പ്രതിഷേധങ്ങളെ തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





+ There are no comments
Add yours