ഡൽഹി പൊലീസിന് അമളി പറ്റി; നേഹാ ബോറയെന്ന് കരുതി കസ്റ്റഡിയിലെടുത്തത് രൂപസാദൃശ്യമുള്ള മറ്റൊരു വിദ്യാർഥിനിയെ

Estimated read time 1 min read

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ പൊലീസിന് വൻ അമളി. കർശന സുരക്ഷാ നിയന്ത്രണങ്ങൾക്കിടയിലും, ഐസ (AISA) ദേശീയ അധ്യക്ഷ നേഹാ ബോറയാണെന്ന് തെറ്റിദ്ധരിച്ച് രൂപസാദൃശ്യമുള്ള മറ്റൊരു യുവതിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖംമൂടിയും കറുത്ത ഫ്രെയിമുള്ള കണ്ണടയും ഷാളും ധരിച്ചെത്തിയ യുവതിയെ ആർ.കെ. ആശ്രമം മാർഗിൽ വെച്ചാണ് പൊലീസ് സംഘം പിടികൂടിയത്.

പൊലീസ് ഈ യുവതിയെ കസ്റ്റഡിയിലെടുക്കുന്ന സമയത്ത്, യഥാർത്ഥ നേഹാ ബോറ കൊണാട്ട് പ്ലേസിൽ പ്രതിഷേധ ഉപരോധം സംഘടിപ്പിക്കുകയായിരുന്നു. ഈ വിവരം നേഹാ ബോറ തന്നെ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. “വ്യാജ നേഹാ ബോറ ഡൽഹി പൊലീസിനെ കബളിപ്പിച്ചു, അതിനുശേഷം യഥാർത്ഥ ആൾ എത്തുന്നു. ഈ അവസ്ഥ തികച്ചും ഭ്രാന്തമാണ്” (Fake Neha Bora tricked Delhi Police, and then arrives the real one. This frenzy is crazy) എന്ന അടിക്കുറിപ്പോടെയാണ് അവർ ഈ വിവരം പങ്കുവെച്ചത്.

തലസ്ഥാനത്ത് പതിനായിരക്കണക്കിന് പൊലീസുകാരെയും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും വിന്യസിച്ചിട്ടും ഒരു വിദ്യാർത്ഥി നേതാവിനെ കൃത്യമായി തിരിച്ചറിയാൻ കഴിയാത്ത ഡൽഹി പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പരിഹാസമാണ് ഉയരുന്നത്. അതിനിടെ, വിജയ് ചൗക്കിൽ വെച്ച് യഥാർത്ഥ നേഹാ ബോറയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

+ There are no comments

Add yours