: ‘കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായത്’; നെടുമ്പാശ്ശേരി അപകടത്തിലെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ദേവികയുടെ കുടുംബം

Estimated read time 0 min read

വയനാട്: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ കുടുംബം പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് രംഗത്ത്. അപകടമുണ്ടാക്കിയ കാറോടിച്ചിരുന്ന സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ അമ്മാവൻ സന്ദീപ് ആവശ്യപ്പെട്ടു. കിടപ്പാടം വിറ്റാണ് ദേവികയെ പഠിപ്പിച്ചത്. അപകടത്തിൽ മരിച്ച മൂന്ന് വിദ്യാർത്ഥികളും അവരവരുടെ കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നു. പ്രതിക്ക് വളരെ വേഗത്തിൽ ജാമ്യം ലഭിക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്നും, നീതിക്കായി ഏതറ്റം വരെയും നിയമപോരാട്ടം നടത്തുമെന്നും കുടുംബം വ്യക്തമാക്കി. സർക്കാർ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് വിശ്വാസമെന്നും അവർ പറഞ്ഞു.

രണ്ട് മാസത്തിനുള്ളിൽ വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു ദേവിക. വീടിന്റെ വെളിച്ചമാണ് നഷ്ടപ്പെട്ടതെന്നും ഈ ഗതി മറ്റാർക്കും ഉണ്ടാകരുതെന്നും കുടുംബം വൈകാരികമായി പ്രതികരിച്ചു. അതേസമയം, ഇത്രയും വലിയൊരു കുറ്റകൃത്യം ചെയ്ത പ്രതിയായ സുഹൈൽ സജീവിനെ ജുവനൈൽ ഹോമിലാണോ (കുട്ടികളുടെ ജയിലിൽ) പാർപ്പിക്കേണ്ടതെന്ന് അമ്മാവൻ സന്ദീപ് ചോദിച്ചു. ഇതിന് പിന്നിൽ പ്രതിയുടെ കുടുംബത്തിന്റെ സ്വാധീനമുണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

അപകടസമയത്ത് മണിക്കൂറിൽ 150 കിലോമീറ്ററിലേറെ വേഗതയിലാണ് കാറോടിച്ചിരുന്നതെന്ന് പ്രതി സുഹൈൽ സജീവ് മൊഴി നൽകിയിട്ടുണ്ട്. പത്തൊൻപതുകാരനായ സുഹൈൽ അപകടദിവസം മദ്യപിക്കാനായി കയറിയ മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ സുഹൈലിനെയും സുഹൃത്ത് നിനവിനെയും റിമാൻഡ് ചെയ്തു. ഇതിനുപുറമെ, അപകട സമയത്ത് കാറിലുണ്ടായിരുന്ന നിനവിന്റെ സുഹൃത്തുക്കളും ആലപ്പുഴ സ്വദേശികളുമായ അമീർ, ജോയൽ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

+ There are no comments

Add yours