ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് ശക്തമാകുന്നതിനിടെ, ജന്തർമന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കി ഡൽഹി പൊലീസ് (ഡി-നോട്ടിഫൈ ചെയ്തു). പ്രതിഷേധങ്ങൾക്കായി പുതിയ മൂന്ന് സ്ഥലങ്ങൾ പൊലീസ് നിർദേശിച്ചിട്ടുണ്ട്. രാംലീല മൈതാനം, ബുറാഡി ഗ്രൗണ്ട്, ഈസ്റ്റ് ഡൽഹി സിബിഡി ഗ്രൗണ്ട് എന്നിവിടങ്ങളിൽ മാത്രമേ ഇനി മുതൽ പ്രതിഷേധങ്ങൾ നടത്താൻ പാടുള്ളൂ എന്നാണ് പൊലീസിന്റെ പുതിയ ഉത്തരവ്.

ഇടതുപക്ഷ-സിജെപി സംയുക്ത പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിന്റെ നിഗൂഢ നീക്കമായാണ് ഈ നടപടിയെ വിലയിരുത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച ജന്തർമന്തറിലേക്ക് യുവജനങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളും നടത്തിയ പ്രതിഷേധത്തിന് നേരെ ക്രൂരമായ മർദ്ദനമുറകളാണ് ഡൽഹി പൊലീസ് അഴിച്ചുവിട്ടതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി വിമർശിച്ചു. ഞായറാഴ്ച കൊണാട്ട് പ്ലേസിലും ആർ.കെ. ആശ്രമിലും നടന്ന സമാധാനപരമായ പ്രതിഷേധങ്ങളെയും പൊലീസും സിആർപിഎഫും ചേർന്ന് ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് നേരിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധിച്ച യുവജനങ്ങളെ പൊലീസ് ചവിട്ടിമെതിക്കുന്നത് ചോദ്യം ചെയ്ത ജോൺ ബ്രിട്ടാസ് എം.പിയെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പൊലീസുകാർ ബലംപ്രയോഗിച്ച് മാറ്റിയത്. മോദി സർക്കാരിന്റെ നിരന്തര വിമർശകനായ ഒരു എം.പിയെ നേരിടാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചട്ടംകെട്ടിയ ഗുണ്ടകളെപ്പോലെയാണ് ഡൽഹി പൊലീസ് പെരുമാറിയതെന്നും എം.എ. ബേബി കുറ്റപ്പെടുത്തി.




+ There are no comments
Add yours