പ്രമുഖ ആർക്കിടെക്റ്റ് എൻ.എം. സലീം അന്തരിച്ചു; വിടവാങ്ങിയത് ദക്ഷിണേന്ത്യൻ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ

Estimated read time 1 min read

കോഴിക്കോട്: പ്രമുഖ ആർക്കിടെക്റ്റും കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ.എം. സലീം അസോസിയേറ്റ്‌സിന്റെ സ്ഥാപകനുമായ എൻ.എം. സലീം (77) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ ഒന്നരയോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ചാണ് വിടവാങ്ങിയത്.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി വാസ്തുവിദ്യാ രംഗത്ത് സജീവമായിരുന്ന അദ്ദേഹം, കേരളത്തിലെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും ആധുനിക നഗരങ്ങളുടെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചു. കേരളത്തിനകത്തും പുറത്തുമായി തലയുയർത്തി നിൽക്കുന്ന ഒട്ടേറെ പ്രശസ്തമായ കെട്ടിടങ്ങൾ അദ്ദേഹത്തിന്റെ രൂപകൽപ്പനയിൽ പിറന്നതാണ്. കൊച്ചിയിലെ ലേ മെറിഡിയൻ, തൃശൂരിലെ ലുലു കൺവെൻഷൻ സെന്റർ, കോഴിക്കോട് സെൻട്രൽ ലൈബ്രറി, കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, ധനലക്ഷ്മി ബാങ്ക് ഹെഡ്ക്വാർട്ടേഴ്സ്, പോർട്ട് ബ്ലെയർ എയർപോർട്ട് എന്നിവ ഇതിൽ ചിലത് മാത്രമാണ്.

കൂടാതെ കോഴിക്കോട്, കണ്ണൂർ സൈബർപാർക്കുകൾ, ബെംഗളൂരുവിലെ ബെയറിസ് ഗ്ലോബൽ റിസർച്ച് ട്രയാംഗിൾ (BGRT), ലേക്ക്സൈഡ് ഹാബിറ്റാറ്റ്, പാലാ മാർ സ്ലീവാ മെഡിസിറ്റി, തിരുവല്ല പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി ലേക്ഷോർ ഹോസ്പിറ്റൽ തുടങ്ങി എണ്ണറ്റ പ്രമുഖ നിർമ്മിതികളുടെയും രൂപകൽപ്പന നിർവഹിച്ചത് എൻ.എം. സലീമാണ്.

ആലപ്പുഴ പട്ടണക്കാട് നികരത്തിൽ പരേതരായ മുഹമ്മദലി – ആമിനാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷെറിൻ സലീം. മക്കൾ: ആദിൽ സലീം, അദീപ് സലീം, സുഹാന സലീം. മൃതദേഹം ഇന്ന് രാവിലെ മുതൽ കോഴിക്കോട് മിനി ബൈപ്പാസിലുള്ള ‘നികരത്തിൽ’ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.

+ There are no comments

Add yours