തിരുവനന്തപുരം: ഇടതുവിദ്യാർത്ഥി നേതാക്കൾക്ക് നേരെ നടന്ന പൊലീസ് അതിക്രമം നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം. ഭരണപക്ഷവും പൊലീസും ചേർന്ന് സർവകലാശാലാ ഹോസ്റ്റലിനെ യുദ്ധക്കളമാക്കി മാറ്റിയെന്നും, ഇതൊരു സർക്കാർ സ്പോൺസേർഡ് നരനായാട്ടാണെന്നും പ്രതിപക്ഷ എം.എൽ.എ വി. ജോയ് സഭയിൽ ആരോപിച്ചു. സംഘർഷത്തിനിടെ പൊലീസ് ഉപയോഗിച്ച ഒടിഞ്ഞ ലാത്തി നിയമസഭയിൽ ഉയർത്തിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. തുടർന്ന് ഈ ലാത്തി വാച്ച് ആൻഡ് വാർഡിന് കൈമാറാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദ്ദേശം നൽകുകയും, ആരോപണങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

എന്നാൽ, സ്ഥിതിഗതികൾ നിയന്ത്രിക്കാനെത്തിയ പൊലീസിന് നേരെയാണ് പ്രതിഷേധക്കാർ കല്ലും ബിയർ കുപ്പികളും എറിഞ്ഞതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി. പൊലീസുകാരെ വധിക്കുമെന്ന് നേതാക്കൾ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സഭയിൽ ലാത്തി കൊണ്ടുവന്നതിന് വി. ജോയ് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാർ അധികാരത്തിലേറി ഒരാഴ്ചയ്ക്കകം തന്നെ പ്രതിപക്ഷം ഇത്തരം അനാവശ്യ സമരങ്ങളിലേക്ക് വിദ്യാർത്ഥികളെ തള്ളിവിടുകയാണ്. വ്യക്തമായ ആവശ്യങ്ങളില്ലാതെയാണ് എസ്.എഫ്.ഐ സമരം നടത്തുന്നതെന്നും, ന്യായമായ ആവശ്യങ്ങളാണെങ്കിൽ പരിഹരിക്കാൻ സർക്കാർ തയ്യാറാണെന്നും പാവപ്പെട്ട ഒരു പൊലീസുകാരന്റെ കയ്യിലിരുന്ന ലാത്തിയാണ് ജോയ് സഭയിൽ കൊണ്ടുവന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രിയുടെ വിശദീകരണം വളരെ ലാഘവത്തോടെയാണെന്ന് വി. ജോയ് കുറ്റപ്പെടുത്തി. ഹോസ്റ്റലിലേത് ഭയാനകമായ കാഴ്ചകളായിരുന്നു. എസ്.ഐ ഗോകുൽ 34 സെക്കൻഡിനുള്ളിൽ 24 തവണയാണ് വിദ്യാർത്ഥികളെ ലാത്തികൊണ്ടടിച്ചത്. അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർക്കും മർദ്ദനമേറ്റു. നിഷ്പക്ഷമായി അന്വേഷിച്ചാൽ ഇടുപ്പിൽ നിന്ന് ബിയർ കുപ്പി എറിഞ്ഞത് ആരാണെന്ന് വ്യക്തമാകും. എല്ലാ വിഭാഗം വിദ്യാർത്ഥികളും താമസിക്കുന്ന ഹോസ്റ്റലിലേക്ക് പന്തമെറിഞ്ഞ് തീഗോളമാക്കി മാറ്റിയെന്നും, ഫയർഫോഴ്സ് സമയത്ത് എത്തിയില്ലായിരുന്നെങ്കിൽ കുട്ടികൾ വെന്തുമരിക്കുമായിരുന്നുവെന്നും വി. ജോയ് സഭയിൽ തിരിച്ചടിച്ചു.




+ There are no comments
Add yours