രാജ്യത്ത് വിവരാവകാശ നിയമം (RTI Act) പ്രാബല്യത്തിൽ വന്നിട്ട് ഇന്ന് 21 വർഷം പൂർത്തിയാകുന്നു. 2005 ഒക്ടോബർ 12-നാണ് ഈ സുപ്രധാന നിയമം നിലവിൽ വന്നത്. എന്നാൽ, നിയമം നടപ്പിലാക്കാൻ ബാധ്യസ്ഥരായ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ തന്നെ ആയിരക്കണക്കിന് അപ്പീലുകളും പരാതികളുമാണ് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. ഇതിനുപുറമെ, കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം വ്യക്തമായ വിവരങ്ങൾ നൽകാതെ ഉദ്യോഗസ്ഥർ ഒളിച്ചുകളിക്കുന്നതായും ആക്ഷേപമുണ്ട്.
ഈ വർഷം (2026) ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷനിൽ 3,156 അപ്പീലുകളും 1,050 പരാതികളുമാണ് തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്. കമ്മീഷൻ അംഗങ്ങളുടെ വിവരങ്ങൾ, ശമ്പളം, പഴയ അപ്പീലുകളുടെ കണക്കുകൾ, ഉദ്യോഗസ്ഥർക്കെതിരായ ശിക്ഷാ നടപടികൾ തുടങ്ങിയ നിർണായക വിവരങ്ങൾ ചോദിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (SPIO) നൽകിയത് ചട്ടവിരുദ്ധമായ മറുപടികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും നിയമനത്തീയതി, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, അവർ തീർപ്പാക്കിയ അപ്പീലുകളുടെ എണ്ണം, വർഷങ്ങളായി കെട്ടിക്കിടക്കുന്ന അപ്പീലുകളുടെ കണക്ക്, 2016 ഏപ്രിൽ മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പിഴ ഈടാക്കിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എന്നിവ ചോദിച്ചപ്പോൾ കമ്മീഷന്റെ വെബ്സൈറ്റ് പരിശോധിക്കാനാണ് വിചിത്രമായ മറുപടി ലഭിച്ചത്. കമ്മീഷണർമാർ പരിശോധിച്ച ആകെ അപ്പീലുകളുടെ എണ്ണം ലഭ്യമല്ലെന്നും മറുപടിയിൽ പറയുന്നു.
ചോദ്യങ്ങൾക്ക് മറുപടിയായി വെബ്സൈറ്റ് ലിങ്കുകൾ മാത്രം നൽകുന്നത് തീർത്തും നിയമവിരുദ്ധമാണ്. വിവരാവകാശ നിയമത്തിലെ സെക്ഷൻ 4(1)(b) പ്രകാരം പൊതുഅധികാരികൾ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നത് ശരിയാണെങ്കിലും, ഒരു പൗരൻ അപേക്ഷ നൽകുമ്പോൾ ‘വെബ്സൈറ്റിൽ ലഭ്യമാണ്’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ എസ്പിഐഒ-യ്ക്ക് (SPIO) കഴിയില്ല. ആവശ്യപ്പെട്ട വിവരങ്ങൾ കൃത്യമായി രേഖാമൂലം നൽകേണ്ട ഉദ്യോഗസ്ഥർ തന്നെയാണ് ഇവിടെ വിവരാവകാശ നിയമം ലംഘിച്ചിരിക്കുന്നത്.





+ There are no comments
Add yours