‘സാഹിത്യ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകൾക്കെല്ലാം കാരണക്കാരൻ അയ്യപ്പപ്പണിക്കർ’: കെ. സച്ചിദാനന്ദൻ

Estimated read time 1 min read

തന്റെ സാഹിത്യ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകൾക്കെല്ലാം കാരണക്കാരനായത് ഡോ. അയ്യപ്പപ്പണിക്കരായിരുന്നുവെന്ന് പ്രശസ്ത കവി കെ. സച്ചിദാനന്ദൻ. ഒരു എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹം തനിക്ക് ഒട്ടേറെ സഹായങ്ങൾ ചെയ്തിട്ടുണ്ടെന്നും, എന്നാൽ അക്കാര്യം അദ്ദേഹം തന്നോടോ മറ്റാരെങ്കിലുമോ പറഞ്ഞിരുന്നില്ലെന്നും സച്ചിദാനന്ദൻ അനുസ്മരിച്ചു. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷനും വിസ്മയാസ് മാക്സും സംയുക്തമായി സംഘടിപ്പിച്ച ‘2026-ലെ അയ്യപ്പപ്പണിക്കർ സ്നേഹസംഗമ’ത്തിൽ ‘എന്റെ അയ്യപ്പപ്പണിക്കർ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭോപ്പാലിലെ ഭാരത് ഭവനിൽ തന്നെ ആദ്യമായി പരിചയപ്പെടുത്തിയത് അയ്യപ്പപ്പണിക്കരാണ്. പിന്നീട് കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുഖമാസികയായ ‘ഇന്ത്യൻ ലിറ്ററേച്ചറി’ന്റെ എഡിറ്റർ സ്ഥാനം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതും അതിനുള്ള വഴിയൊരുക്കിയതും അദ്ദേഹമായിരുന്നു. ഇതാണ് പിന്നീട് കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് തനിക്ക് എത്തിച്ചേരാൻ സഹായകമായത്. ഈ പദവികൾ ഒരു എഴുത്തുകാരനെന്ന നിലയിൽ ഇന്ത്യയ്ക്കകത്തും പുറത്തും കൂടുതൽ അറിയപ്പെടാൻ തനിക്ക് വലിയ അവസരമൊരുക്കിയെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.

ചടങ്ങിൽ 80 വയസ്സ് പൂർത്തിയായ സച്ചിദാനന്ദനെ അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റ് ടി.പി. ശ്രീനിവാസൻ ഉപഹാരം നൽകി ആദരിച്ചു. എല്ലാ അർത്ഥത്തിലും അയ്യപ്പപ്പണിക്കരുടെ പിൻഗാമിയാണ് സച്ചിദാനന്ദനെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ‘സച്ചിദാനന്ദന്റെ കാവ്യലോകം’ എന്ന വിഷയത്തിൽ ഡോ. ടി.കെ. സന്തോഷ്കുമാർ പ്രഭാഷണം നടത്തി. ലോകസാഹിത്യത്തിൽ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും അംബാസഡറാണ് സച്ചിദാനന്ദനെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി പ്രിയദാസ് ജി. മംഗലത്ത്, കവി ശാന്തൻ, സാബു കോട്ടുക്കൽ, സി. ഉദയകല, പി.എസ്. അമൽ എന്നിവരും സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന കവിയരങ്ങ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. അയ്യപ്പപ്പണിക്കർ കവിതകളെ അടിസ്ഥാനമാക്കി നടത്തിയ ‘റീൽ’ മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട റീലുകളുടെ പ്രദർശനവും സച്ചിദാനന്ദന്റെ ‘നാവുമരം’ എന്ന കവിതയുടെ ദൃശ്യാവിഷ്കാരവും പരിപാടിയുടെ ഭാഗമായി നടന്നു.

+ There are no comments

Add yours