‘മെഡൽ നേടിയിട്ടും മുഖ്യമന്ത്രിയോ കായിക മന്ത്രിയോ വിളിച്ചില്ല; പാരിതോഷികം വളരെ കുറവ്’: സംസ്ഥാന സർക്കാരിനെതിരെ ആൻസി സോജൻ

Estimated read time 1 min read

തൃശൂർ: ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിന് ശേഷവും സംസ്ഥാന സർക്കാരിൽ നിന്നും കായിക വകുപ്പിൽ നിന്നും നേരിടേണ്ടി വന്ന അവഗണനയിൽ കടുത്ത നിരാശയും അമർഷവും പ്രകടിപ്പിച്ച് ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവും ലോങ് ജംപ് താരവുമായ ആൻസി സോജൻ. ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടും കായിക മന്ത്രിയോ മുഖ്യമന്ത്രിയോ തന്നെ നേരിട്ട് ബന്ധപ്പെടുകയോ അഭിനന്ദിക്കുകയോ ചെയ്തിട്ടില്ലെന്ന് താരം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച വൻ തുക പാരിതോഷികങ്ങൾ താരങ്ങൾക്ക് ഇതിനകം കൈമാറിക്കഴിഞ്ഞു. എന്നാൽ കേരളത്തിൽ പാരിതോഷിക തുക വളരെ കുറവാണെന്ന് മാത്രമല്ല, പ്രഖ്യാപിച്ച തുക എന്ന് ലഭിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങൾക്ക് ലഭിക്കുന്ന പിന്തുണയും ആനുകൂല്യങ്ങളും കാണുമ്പോൾ മറ്റൊരു സംസ്ഥാനത്തിന് വേണ്ടി മത്സരിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുകയാണെന്നും അത് വലിയ സങ്കടമുണ്ടാക്കുന്നുണ്ടെന്നും ആൻസി കൂട്ടിച്ചേർത്തു.

ഒക്ടോബർ 13-ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന കായിക വകുപ്പിന്റെ ആദരിക്കൽ ചടങ്ങിലേക്ക് തലേദിവസം മാത്രമാണ് തന്നെ ക്ഷണിച്ചതെന്നും മുൻകൂട്ടി അറിയിക്കാത്തതിനാൽ വലിയ ബുദ്ധിമുട്ടിലായെന്നും താരം വ്യക്തമാക്കി. ചടങ്ങിൽ പങ്കെടുക്കാൻ യാത്രാസൗകര്യം ചോദിച്ചപ്പോൾ ‘അറിയില്ല’ എന്ന മറുപടിയാണ് അധികൃതരിൽ നിന്ന് ലഭിച്ചത്.

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നവർക്ക് 50 ലക്ഷം, വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം രൂപ വീതവും, വിജയികളുടെ പരിശീലകർക്ക് യഥാക്രമം 5, 3, 2 ലക്ഷം രൂപ വീതവുമാണ് സംസ്ഥാന സർക്കാർ മുൻപ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ തുക വർദ്ധിപ്പിക്കേണ്ടതായിരുന്നുവെന്നും പ്രഖ്യാപനങ്ങൾ കൃത്യസമയത്ത് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും ആൻസി സോജൻ ആവശ്യപ്പെട്ടു.

+ There are no comments

Add yours