കൊച്ചി: നെടുമ്പാശ്ശേരിയിൽ കൗമാരക്കാരൻ മദ്യപിച്ച് അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് മൂന്ന് പേർ മരിച്ച ദാരുണ സംഭവത്തിൽ, പ്രതി സുഹൈൽ സജീവ് മദ്യപിച്ച മൂന്ന് പ്രമുഖ ബാറുകൾക്കെതിരെ എക്സൈസ് കേസ് എടുത്തു. കടവന്ത്ര ദയ റീജൻസി, പാലാരിവട്ടം മൺസൂൺ എംപറൈസ്, നെടുമ്പാശ്ശേരി മാരിയറ്റ് എന്നീ ബാറുകൾക്കെതിരെയാണ് നടപടി. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്ന് എക്സൈസ് കമ്മീഷണർക്ക് സമർപ്പിക്കും. ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് എക്സൈസ് കടന്നേക്കും.
കേസുമായി ബന്ധപ്പെട്ട് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന സുഹൈലിന്റെ മൂന്ന് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. അപകടസമയത്ത് വാഹനം മണിക്കൂറിൽ 125 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്ന് തെളിവെടുപ്പിനിടെ പ്രതി സുഹൈൽ പോലീസിനോട് സമ്മതിച്ചു. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയും അമിത മദ്യപിച്ചും വാഹനം ഓടിച്ച പ്രതി സുഹൈലിന്റെ ലൈസൻസ് പൂർണ്ണമായി റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് സുഹൈൽ ഓടിച്ച മിനി കൂപ്പർ ഇടിച്ച് കൊല്ലപ്പെട്ടത്. അപകടത്തിൽ മരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപികയുടെ സംസ്‌കാരം ഇന്ന് നടക്കും. സംഭവത്തിൽ പോലീസും എക്സൈസും കർശന നിയമനടപടികളാണ് സ്വീകരിച്ചു വരുന്നത്.





+ There are no comments
Add yours