തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വിറ്റാമിൻ എ ഉൾപ്പെടെയുള്ള പ്രതിരോധ മരുന്നുകൾക്കും വാക്സിനുകൾക്കും കടുത്ത ക്ഷാമം. ആറുമാസം കൂടുമ്പോൾ കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ട വിറ്റാമിൻ എ മരുന്നിന്റെ വിതരണം നിലവിൽ പൂർണ്ണമായി നിലച്ച അവസ്ഥയിലാണ്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി കുട്ടികൾക്കുള്ള വാക്സിനുകളും മരുന്നുകളും ലഭ്യമാകുന്നില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.
കുട്ടികളുടെ മരുന്നുകൾക്ക് പുറമെ, പഞ്ഞി മുതൽ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് വരെ സർക്കാർ ആശുപത്രികളിൽ ദൗർലഭ്യം നേരിടുന്നുണ്ട്. നിലവിൽ സ്റ്റോക്കില്ലാത്ത 28 മരുന്നുകളുടെ ടെൻഡർ നടപടികൾ കെ.എം.എസ്.സി.എൽ (KMSCL) അടിയന്തര യോഗം ചേർന്ന് പൂർത്തിയാക്കിയിട്ടുണ്ട്. ഈ മരുന്നുകൾ ഈ മാസം പകുതിയോടെ ആശുപത്രികളിൽ എത്തിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. താൽക്കാലികമായി പ്രതിസന്ധി മറികടക്കാൻ ലോക്കൽ പർച്ചേസിലൂടെ അത്യാവശ്യ മരുന്നുകൾ ലഭ്യമാക്കാനും ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, അടിസ്ഥാനപരമായ മരുന്ന് ക്ഷാമം എങ്ങനെ പൂർണ്ണമായി പരിഹരിക്കുമെന്നതിൽ ആരോഗ്യവകുപ്പിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. അടിയന്തരമായി മരുന്നുകൾ ലഭ്യമാക്കിയില്ലെങ്കിൽ സംസ്ഥാനത്തെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.




+ There are no comments
Add yours