മലപ്പുറം: പുതിയതായി ആരംഭിച്ച ഹോട്ടലുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിനായി പതിനായിരം രൂപ കൈക്കൂലി വാങ്ങിയ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് കയ്യോടെ പിടികൂടി. മലപ്പുറം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർ എസ്. ശ്രീജിയാണ് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.
രണ്ട് പുതിയ ഹോട്ടലുകളുടെ ലൈസൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകുന്നതിനാണ് ഇയാൾ ഉടമയോട് 10,000 രൂപ ആവശ്യപ്പെട്ടത്. എന്നാൽ കൈക്കൂലി നൽകാൻ വിസമ്മതിച്ച ഹോട്ടലുടമ മലപ്പുറം വിജിലൻസ് ഡിവൈഎസ്പിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം നടത്തിയ ട്രാപ്പ് ഓപ്പറേഷനിലാണ് പ്രതി കുടുങ്ങിയത്.
വിജിലൻസ് സംഘം അടയാളപ്പെടുത്തി നൽകിയ നോട്ടുകൾ പരാതിക്കാരൻ ശ്രീജിക്ക് കൈമാറി. പ്രതിയുടെ താമസസ്ഥലത്തുവെച്ച് ഈ പണം കൈപ്പറ്റുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.




+ There are no comments
Add yours