തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യവിമർശനത്തിനെതിരെ മന്ത്രി കെ. മുരളീധരൻ രംഗത്ത്. മുന്നണിക്കുള്ളിലെ വിയോജിപ്പുകളും അഭിപ്രായങ്ങളും മാധ്യമങ്ങളിലൂടെയല്ല, പാർട്ടി വേദികളിലാണ് ഉന്നയിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി കൃത്യമായി അറിയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ചില കാര്യങ്ങൾ പത്രം വായിച്ചാണ് അറിയുന്നതെന്ന് താൻ പറഞ്ഞപ്പോൾ പലരും തന്നെ വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ പലരും ശരം വിട്ടതുപോലെ പരസ്യ പ്രതികരണങ്ങൾ നടത്തുകയാണ്. തനിക്ക് ഇപ്പോൾ സർക്കാരിനെതിരെ അത്തരം പരാതികളില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
സംസ്ഥാനത്തെ ആശുപത്രികളിൽ നിലവിൽ യാതൊരുവിധ മരുന്ന് ക്ഷാമവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാർക്ക് നേരെയുള്ള കരിങ്കൊടി പ്രതിഷേധങ്ങൾക്ക് താൻ എതിരല്ലെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കിയ മന്ത്രി, യൂത്ത് കോൺഗ്രസ് – യുവമോർച്ച സംഘർഷങ്ങളുണ്ടാകുമ്പോൾ തങ്ങൾ എവിടെയെങ്കിലും പുറന്തള്ളപ്പെടുമോ എന്ന ഭയമാണ് സി.പി.എമ്മിനെന്നും പരിഹസിച്ചു.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭരണശൈലിക്കെതിരെ കോൺഗ്രസിനുള്ളിൽ പടയൊരുക്കം ശക്തമാകുകയാണ്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് കാബിനറ്റ് പദവി നൽകിയതും, സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തെ നിയമനങ്ങളും, ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചതും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെപ്പോലും അറിയിക്കാതെയായിരുന്നു എന്നാണ് പ്രധാന വിമർശനം. നയപരമായ കാര്യങ്ങളിലെ മുഖ്യമന്ത്രിയുടെ ഈ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ എ.ഐ.സി.സിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ.




+ There are no comments
Add yours