കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. കൺവീനറുടെ പ്രസ്താവനകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി നേതാക്കൾ രംഗത്തെത്തിക്കഴിഞ്ഞു. അടൂർ പ്രകാശിന്റെ പരാതികളിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കട്ടെയെന്നാണ് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്. പാർട്ടി അധ്യക്ഷനെന്ന നിലയിൽ എല്ലാവരുമായി കൂടിയാലോചിച്ചാണ് താൻ തീരുമാനങ്ങളെടുക്കുന്നതെന്നും, വിഷയത്തിൽ സ്വന്തം നിലപാട് എ.ഐ.സി.സിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടൂർ പ്രകാശിന്റെ പരസ്യ അതൃപ്തിയോടെ പാർട്ടിയിൽ നേതാക്കൾ തമ്മിലുള്ള വാക്പോരിനും കളമൊരുങ്ങിയിരിക്കുകയാണ്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും കൺവീനർക്ക് പരോക്ഷ പിന്തുണയുമായി രംഗത്തെത്തി. ഇതിനുപുറമെ, മന്ത്രി എ.പി. അനിൽ കുമാറും അടൂർ പ്രകാശിനെ പിന്തുണച്ചു. പാർട്ടിയിൽ കൃത്യമായ ചർച്ചകളും കൂടിയാലോചനകളും നടക്കേണ്ടതുണ്ടെന്നും, എല്ലാ കാര്യങ്ങളും കെ.സി. വേണുഗോപാലിൽ മാത്രം കേന്ദ്രീകരിക്കേണ്ടതില്ലെന്നും അനിൽ കുമാർ പറഞ്ഞു. മുൻകാലങ്ങളിലും ഇത്തരം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വിഷയത്തിൽ സ്വന്തം നിലപാട് മുന്നണിക്കുള്ളിൽ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അടൂർ പ്രകാശിന്റെ നടപടിയെ തള്ളിക്കൊണ്ട് മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. പറയാനുള്ള കാര്യങ്ങൾ മാധ്യമങ്ങളിലൂടെയല്ല, മറിച്ച് പാർട്ടി വേദികളിലാണ് ഉന്നയിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി കൃത്യമായി അറിയിക്കാറുണ്ടെന്നും കെ. മുരളീധരൻ വ്യക്തമാക്കി.




+ There are no comments
Add yours