കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രണ്ടാം വിവാഹ ആരോപണം ഉന്നയിച്ച സംഭവത്തിൽ കളമശ്ശേരി പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ടർ ടി.വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചു. കോടതിയിൽ ഹർജി സമർപ്പിച്ചതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് കളമശ്ശേരി പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്തു.
അപകീർത്തിക്കേസുകളിൽ നേരിട്ട് ബാധിക്കപ്പെട്ട വ്യക്തിയാണ് കോടതിയെ സമീപിക്കേണ്ടതെന്നും, ഗൂഢാലോചനയോ വ്യാജരേഖ ചമയ്ക്കലോ തെളിയിക്കാൻ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മജിസ്ട്രേറ്റിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം കേസുകളിൽ പൊലീസ് സ്വമേധയാ അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും ആന്റോ അഗസ്റ്റിൻ വാദിക്കുന്നു. ഹർജിയിൽ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ കേസ് നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് കോടതിക്ക് മുന്നിലുള്ള പ്രധാന ഇടക്കാല ആവശ്യം.
കഴിഞ്ഞ സെപ്റ്റംബർ 11-ന് പത്തനംതിട്ടയിൽ നടന്ന ഒരു പൊതുപരിപാടിയിലെ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് വക്താവ് രാജു പി. നായർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത വ്യക്തി നൽകിയ ഈ പരാതി നിയമപരമായി നിലനിൽക്കില്ലെന്നാണ് ഹർജിക്കാരന്റെ പ്രധാന വാദം.




+ There are no comments
Add yours