ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം; സഹപൈലറ്റിന് ഇറാൻ ബന്ധമെന്ന് ട്രംപ്, പിന്നിലെങ്കിൽ ശക്തമായ തിരിച്ചടിയെന്ന് മുന്നറിയിപ്പ്

Estimated read time 0 min read

ദുബായ്: ഇസ്രയേലിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനമെന്നും, ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് തെളിഞ്ഞാൽ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യു.എ.ഇയിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനം സൗദി അറേബ്യക്ക് മുകളിലൂടെ പറക്കുമ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. കോക്പിറ്റിൽ നിന്നും ആക്രോശങ്ങൾ കേട്ട് യാത്രക്കാർ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന ഇന്ത്യക്കാരനായ പൈലറ്റിനെയും, കയ്യിൽ കത്തിയുമായി നിൽക്കുന്ന ഒമാൻ സ്വദേശിയായ സഹപൈലറ്റിനെയും കണ്ടത്. വിമാനത്തിൽ കോക്പിറ്റ് സംഘർഷം നടന്നതായും രണ്ട് പൈലറ്റുമാർക്കും പരിക്കേറ്റതായും സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഇപ്പോൾ സൗദിയിലെ തബൂക്കിലുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. അക്രമിയായ ഒമാൻ പൗരനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സൗദി അധികൃതർ യു.എ.ഇക്ക് കൈമാറി. വിമാനത്തിൽ നടന്നത് ആസൂത്രിത ഭീകരാക്രമണമാണെന്നാണ് ഇസ്രയേലിലെ തീവ്രവലതുപക്ഷ സംഘടനകളുടെ ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഫ്ലൈ ദുബായ് ഇസ്രയേലിലേക്കുള്ള തങ്ങളുടെ മുഴുവൻ സർവീസുകളും റദ്ദാക്കി.

+ There are no comments

Add yours