വയനാട്: റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എ. ജയതിലകിന്റെ വിവാദ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് നടന്ന മരംമുറിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം ഉന്നതരിലേക്ക് എത്താതെ അട്ടിമറിച്ചു. ഗൂഢാലോചന അന്വേഷിക്കേണ്ടതില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കർശന നിർദ്ദേശം നൽകിയത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഒരു ഉന്നതനാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന കെ.എസ്. സുദർശനനായിരുന്നു കേസിന്റെ ഗൂഢാലോചന അന്വേഷിക്കാനുള്ള ചുമതല. അന്നത്തെ എ.ഡി.ജി.പി എസ്. ശ്രീജിത്തിനാണ് അദ്ദേഹം റിപ്പോർട്ട് നൽകിയിരുന്നത്. എന്നാൽ മാസങ്ങൾക്കകം തന്നെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം പാതിവഴിയിൽ നിലച്ചു. മുൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഇടപെടലിനെ തുടർന്നാണ് ഇതെന്നാണ് ആക്ഷേപം. ഗൂഢാലോചനയെക്കുറിച്ചുള്ള എസ്.ഐ.ടി അന്വേഷണം കേവലം കണ്ണിൽപ്പൊടിയിടാൻ മാത്രമായിരുന്നുവെന്നും വിമർശനമുണ്ട്.
ഗൂഢാലോചന നടത്തിയെന്ന് വനംവകുപ്പ് കണ്ടെത്തിയവരെക്കുറിച്ച് പോലും എസ്.ഐ.ടി അന്വേഷിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ, ഒരു ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ, വയനാട് കൽപ്പറ്റയിലുണ്ടായിരുന്ന ഒരു റേഞ്ച് ഓഫീസർ എന്നിവരുടെ പേരുകൾ കേസിൽ ഉയർന്നുവന്നിരുന്നെങ്കിലും പൊലീസ് ഇവരെക്കുറിച്ച് ഒരു ഘട്ടത്തിലും അന്വേഷിച്ചില്ല. പകരം, മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ കേസ് മാത്രമാണ് അന്വേഷണസംഘം പരിഗണിച്ചതും അതിൽ മാത്രം കുറ്റപത്രം സമർപ്പിച്ചതും. മുൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഇടപെടലാണ് ഈ അട്ടിമറിക്ക് പിന്നിലെന്നാണ് വ്യക്തമാകുന്നത്.




+ There are no comments
Add yours