കൊച്ചി: ഒരു ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചു എന്ന ഒറ്റക്കാരണത്താൽ പാകിസ്താൻ പൗരന്മാർക്ക് ഇന്ത്യൻ വിസ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ അവകാശമില്ലെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഈ സുപ്രധാന വിധി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് പൗരന്മാർക്കുള്ള വിസ സേവനങ്ങൾ പൂർണ്ണമായും നിർത്തിവെച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
ഭർത്താവിന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കാൻ അനുമതി തേടിയാണ് പാകിസ്താൻ സ്വദേശിനിയായ യുവതി ഹൈക്കോടതിയെ സമീപിച്ചത്. വിസയ്ക്ക് അപേക്ഷിക്കാൻ അനുയോജ്യമായ കാറ്റഗറികൾ നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. താൻ രാജ്യത്തിന് യാതൊരു ഭീഷണിയുമല്ലെന്നും, വിസയ്ക്ക് അപേക്ഷിക്കാനും അത് പരിശോധിക്കാനുമുള്ള അവസരം നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനും ജീവനുമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാരി വാദിച്ചു. എന്നാൽ, ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചവരാണെങ്കിൽ കൂടി ഒരു വിദേശ പൗരന് രാജ്യത്തേക്ക് പ്രവേശിക്കാൻ യാതൊരുവിധ അവിഭാജ്യ അവകാശവുമില്ലെന്ന് കോടതി കൃത്യമായി വ്യക്തമാക്കി.




+ There are no comments
Add yours