തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസിനുള്ളിൽ പടയൊരുക്കം ശക്തമാകുന്നു. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ പാർട്ടിയുമായും മുന്നണി നേതൃത്വവുമായും യാതൊരു കൂടിയാലോചനകളും നടത്തുന്നില്ല എന്നതാണ് മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന പ്രധാന വിമർശനം. പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം ലഭിച്ച ഭരണത്തിന്റെ മധുവിധു നാല് മാസം കൊണ്ട് തീരും മുൻപേയാണ് സർക്കാരിനെതിരെ മുന്നണി കൺവീനർ തന്നെ പരസ്യവിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഘടകകക്ഷികളായ മുസ്ലിം ലീഗിനും ഫോർവേഡ് ബ്ലോക്കിനും കാബിനറ്റ് പദവികൾ നൽകിയതും, സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തെ നിയമനങ്ങളും, സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചതുമടക്കമുള്ള കാര്യങ്ങൾ കോൺഗ്രസ് നേതൃത്വമോ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയോ അറിഞ്ഞിട്ടില്ല. സുപ്രധാന വിവരങ്ങൾ മാധ്യമങ്ങളിലൂടെ അറിയേണ്ടി വന്നതോടെയാണ് അടൂർ പ്രകാശ് പരസ്യ പ്രതികരണത്തിന് നിർബന്ധിതനായത്. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭാംഗമായത് തന്റെ ഏകപക്ഷീയ നീക്കങ്ങൾക്ക് മുഖ്യമന്ത്രി അനുകൂലമാക്കുകയാണെന്നും വിമർശനമുണ്ട്.
ഭരണപരമായ വിഷയങ്ങളിൽ മുഖ്യമന്ത്രി ലീഗിനെ മാത്രമാണ് വിശ്വാസത്തിലെടുക്കുന്നതെന്നും, അഭിപ്രായങ്ങൾ പറയാൻ വരുന്നവരെ കേൾക്കാൻ അദ്ദേഹം തയ്യാറാകുന്നില്ലെന്നും നേതാക്കൾക്കിടയിൽ പരാതിയുണ്ട്. അധികാരത്തിലേറി മാസങ്ങൾ കഴിഞ്ഞിട്ടും ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ വിഭജിക്കാത്തതിൽ പദവികൾ ആഗ്രഹിക്കുന്ന നേതാക്കളും കടുത്ത അസ്വസ്ഥതയിലാണ്. മുഖ്യമന്ത്രിയുടെ ഈ സമഗ്രാധിപത്യ ശൈലിക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ രംഗത്തെത്തിയേക്കും. വിഷയം കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്താനും നീക്കമുണ്ട്. മുസ്ലിം ലീഗിന് ആറാമതൊരു കാബിനറ്റ് പദവി കൂടി നൽകിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ‘പറയാനുള്ളത് പാർട്ടി വേദിയിൽ പറയും’ എന്ന കെ.സി. വേണുഗോപാലിന്റെ പ്രതികരണവും ദേശീയ നേതൃത്വത്തിന്റെ അതൃപ്തിയുടെ സൂചനയാണ് നൽകുന്നത്.




+ There are no comments
Add yours