തിരുവനന്തപുരം: യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റത് മുതൽ താൻ നിരന്തരം അവഗണിക്കപ്പെടുകയാണെന്നും, മുന്നണിയിലെ പല സുപ്രധാന തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും തുറന്നടിച്ച് അടൂർ പ്രകാശ്. മുന്നണിയിലെ ഈ ഏകോപനമില്ലായ്മയും അതൃപ്തിയും എ.ഐ.സി.സിയെ അറിയിക്കും. ഇതിന്റെ പേരിൽ തന്നെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയാലും യാതൊരു ദുഃഖവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നണിയിൽ കൂട്ടായി പ്രവർത്തിക്കാനാണ് താൻ എക്കാലവും ശ്രമിച്ചതെന്നും, എന്നാൽ യാതൊരു കൂടിയാലോചനകളുമില്ലാതെയാണ് ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ പല തീരുമാനങ്ങളും തിരിച്ചടിയാകുന്നുണ്ട്. മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിക്ക് തന്നെ ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടൂർ പ്രകാശിന്റെ ഈ പരസ്യ പ്രതികരണത്തോടെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസിനുള്ളിൽ പടയൊരുക്കം ശക്തമാകുകയാണ്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് കാബിനറ്റ് പദവി നൽകിയതും, സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തെ നിയമനങ്ങളും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെപ്പോലും അറിയിക്കാതെയായിരുന്നു എന്നാണ് വിമർശനം. മുഖ്യമന്ത്രിയുടെ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ ഹൈക്കമാൻഡിനെ സമീപിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ.




+ There are no comments
Add yours