‘പൊലീസ് നടത്തേണ്ടിയിരുന്നത് ലാത്തിച്ചാർജല്ല, ഹോസ്റ്റലിൽ തൂഫാൻ റെയ്ഡ്’; എസ്.എഫ്.ഐക്കെതിരെ മന്ത്രി ഒ.ജെ. ജനീഷ്

Estimated read time 1 min read

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് – എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ഒ.ജെ. ജനീഷ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ എസ്.എഫ്.ഐ എന്തിനാണ് നേരിടുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സമരത്തെ ബി.ജെ.പിയും യുവമോർച്ചയും എതിർക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, ജനാധിപത്യം സംരക്ഷിക്കാനുള്ള സമരത്തിന് നേരെ എസ്.എഫ്.ഐ അക്രമം അഴിച്ചുവിടുന്നത് എന്തിനാണെന്ന ചോദ്യം പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിനോട് തനിക്ക് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, ഹോസ്റ്റലിൽ ഒരു ‘തൂഫാൻ റെയ്ഡ്’ ആണ് യഥാർത്ഥത്തിൽ വേണ്ടിയിരുന്നതെന്നും പറഞ്ഞു. വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ നിന്നാണ് സമരക്കാർക്ക് നേരെ ബിയർ കുപ്പികൾ വലിച്ചെറിഞ്ഞത്. ജനപ്രതിനിധികൾക്കടക്കം പരിക്കേൽക്കാൻ സാധ്യതയുള്ള സാഹചര്യമാണുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വാഹനങ്ങൾ തകർത്ത നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് കേരളത്തിലും യൂത്ത് കോൺഗ്രസ് സമരം സംഘടിപ്പിച്ചത്. ഇതിനെതിരെ സി.പി.എം എന്തിനാണ് അക്രമം അഴിച്ചുവിടുന്നതെന്ന് വ്യക്തമല്ല. സംഘർഷ വിവരം അറിഞ്ഞയുടൻ താൻ നേരിട്ടിടപെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അവിടെനിന്ന് മാറ്റുകയായിരുന്നുവെന്നും ഒ.ജെ. ജനീഷ് കൂട്ടിച്ചേർത്തു.

+ There are no comments

Add yours