മംഗളൂരു: കേരളത്തിന്റെ കടുത്ത എതിർപ്പുകൾ മറികടന്ന് മംഗളൂരു റെയിൽവേ ശൃംഖല ഔദ്യോഗികമായി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഭാഗമായി. ഇതോടെ ദക്ഷിണ റെയിൽവേയുമായുള്ള മംഗളൂരുവിന്റെ നൂറ്റാണ്ട് പഴക്കമുള്ള ബന്ധത്തിനാണ് തിരശ്ശീല വീഴുന്നത്. പാലക്കാട് ഡിവിഷന് കീഴിലായിരുന്ന മംഗളൂരു മേഖലയുടെ നിയന്ത്രണം പൂർണ്ണമായും സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷന് കൈമാറിക്കഴിഞ്ഞു.
ഭരണപരമായ കാര്യങ്ങൾ കൂടുതൽ സുഗമമാക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ എതിർപ്പുകൾ തള്ളി വിഭജനവുമായി മുന്നോട്ടുപോകാൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്. സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് കീഴിലാകണമെന്ന മംഗളൂരു നിവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമായത്. കഴിഞ്ഞ രണ്ട് ദിവസത്തെ മേൽനോട്ടത്തിന് ശേഷം മൈസൂരു ഡിവിഷനിലെ റെയിൽവേ കൺട്രോളർമാർ പ്രവർത്തനങ്ങളുടെ പൂർണ്ണ ചുമതല ഏറ്റെടുത്തു. ഭരണപരമായ മറ്റ് കൈമാറ്റങ്ങൾ കൂടി ഉടൻ പൂർത്തിയാകും.
മംഗളൂരുവിനെ ഒഴിവാക്കിയതോടെ ദക്ഷിണ റെയിൽവേയുടെ വടക്കൻ അതിർത്തി ഇനി ദക്ഷിണ കന്നഡയിലുള്ള ഉല്ലാൾ സ്റ്റേഷൻ വരെ മാത്രമായി ചുരുങ്ങും. കഴിഞ്ഞ ഓഗസ്റ്റ് 21-നാണ് മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ ടെർമിനലുകൾ, ഗുഡ്സ് ഷെഡ്, മാർഷലിങ് യാർഡുകൾ എന്നിവയുൾപ്പെടെ ഏകദേശം 38 കിലോമീറ്ററോളം വരുന്ന പാത ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ നിന്നും വേർപെടുത്തി റെയിൽവേ ബോർഡ് ഉത്തരവിറക്കിയത്.




+ There are no comments
Add yours