കൊച്ചി: പി. ശശിക്കും മകൻ സിദ്ധാർത്ഥ് ശശിക്കുമെതിരെ അഴിമതിയും അധികാര ദുർവിനിയോഗവും ആരോപിച്ച് ചെന്നൈ വ്യവസായി മുഹമ്മദ് ഷെർഷാദ് വിജിലൻസിൽ പരാതി നൽകി. കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിൽ സിദ്ധാർത്ഥ് ശശിക്ക് പങ്കുണ്ടെന്നും ഇതിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നുമാണ് പ്രധാന ആരോപണം.
പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാലയളവിൽ പി. ശശി വ്യാപകമായി അധികാര ദുർവിനിയോഗം നടത്തിയെന്ന് പരാതിയിൽ പറയുന്നു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങളിലടക്കം സാമ്പത്തിക സ്വാധീനമോ അധികാര ദുരുപയോഗമോ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇതിനുപുറമെ, പി. ശശിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന പനമ്പള്ളി നഗറിലെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഭൂമി ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന് ഷെർഷാദ് ആവശ്യപ്പെട്ടിട്ടുണ്ട്.
തന്നെ കള്ളക്കേസിൽ കുടുക്കാൻ പി. ശശി ഗൂഢാലോചന നടത്തിയെന്നും ഷെർഷാദ് ആരോപിക്കുന്നുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ‘പെന്റ്’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ഷെർഷാദിനെതിരെ കമ്പനിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ് ഉയർന്നത്. യു.കെ വ്യവസായി രാജേഷ് കൃഷ്ണയും ചില സി.പി.എം ഉന്നതരും തമ്മിലുള്ള അനധികൃത ഇടപാടുകൾ ചൂണ്ടിക്കാട്ടി ഇദ്ദേഹം നേരത്തെ പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ചിരുന്നു. ഇതിന്റെ പേരിലുള്ള രാഷ്ട്രീയ പകപോക്കലാണ് തനിക്കെതിരായ കേസ് എന്നാണ് ഷെർഷാദിന്റെ വാദം.




+ There are no comments
Add yours