ന്യൂഡൽഹി: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് – എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന് മറുപടിയുമായി സി.പി.എം നേതാവ് എം.എ. ബേബി. അക്രമത്തിന് ആദ്യം തുടക്കമിട്ടത് യൂത്ത് കോൺഗ്രസാണെന്നും, കെ.സി. വേണുഗോപാൽ ഇടപെട്ട് സ്വന്തം പ്രവർത്തകരെ നിലയ്ക്ക് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പവർകട്ട് സമയത്ത് സമരക്കാരെ കണ്ടപ്പോൾ വിദ്യാർഥികൾ ഒരുപക്ഷെ കളിയാക്കിയിട്ടുണ്ടാകാം. എന്നാൽ കേരളത്തിലെ ഈ ചെറിയ പ്രശ്നം ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിക്കെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. ദേശീയ അധ്യക്ഷൻ ഉൾപ്പെടെ തോറ്റമ്പിയ പാർട്ടിയാണ് ബി.ജെ.പിയെന്നും, രാജി വെക്കാൻ പലരും വരിനിൽക്കുകയാണെന്നും എം.എ. ബേബി പരിഹസിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം തലസ്ഥാനത്ത് മണിക്കൂറുകളോളം നീണ്ട അക്രമസംഭവങ്ങളിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പന്തംകൊളുത്തി പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. പ്രകടനക്കാരുടെ കൈവശമുണ്ടായിരുന്ന പന്തം ആളിക്കത്തിയതിന് പിന്നാലെ ഇരുവിഭാഗവും തമ്മിൽ പരസ്പരം കൂവിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ഇത് കുപ്പിയേറിലേക്കും പന്തം വലിച്ചെറിയുന്നതിലേക്കും വഴിമാറുകയായിരുന്നു. ആദ്യഘട്ടത്തിലുണ്ടായ സംഘർഷം പൊലീസ് ഇടപെട്ട് വേഗത്തിൽ പരിഹരിച്ചിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.




+ There are no comments
Add yours