സ്വന്തം വീഴ്ചകൾ മറച്ചുപിടിച്ച് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങളെ പഴിചാരുന്നു; സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയിൽ അതിരൂക്ഷ വിമർശനം

Estimated read time 0 min read

തൃശൂർ: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും, സ്വന്തം വീഴ്ചകൾ മറച്ചുപിടിച്ച് കീഴ്ഘടകങ്ങളെ മാത്രം പഴിചാരുകയാണെന്നും സി.പി.എം തൃശൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം. സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിനിധികൾ പൊതുചർച്ചയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

പാർട്ടിയുടെ പല ലോക്കൽ, ബ്രാഞ്ച് ഘടകങ്ങളും നിലവിൽ നിർജീവമാണെന്ന് യോഗത്തിൽ വിമർശനമുയർന്നു. തൃശൂരിൽ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ കഴിയാത്തത് വലിയ സംഘടനാ വീഴ്ചയാണ്. ഇതിനുപുറമെ, കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ പാർട്ടിക്ക് കഴിയാതിരുന്നതും തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പ്രധാന കാരണമായെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ ചില തീരുമാനങ്ങളും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി ചർച്ചയിൽ വിലയിരുത്തലുണ്ടായി. ഗുരുവായൂർ ക്ഷേത്രവികസനത്തിനായി സാധാരണക്കാരുടെ ഭൂമി സർക്കാർ ഏറ്റെടുത്തത് പാർട്ടിക്കും സർക്കാരിനുമെതിരെ ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പുണ്ടാക്കി. സർവീസ് മേഖലയിലെ ഓൺലൈൻ സ്ഥലംമാറ്റങ്ങൾ ജീവനക്കാരെ സർക്കാരിൽ നിന്നകറ്റിയെന്നും വിമർശനമുയർന്നു. പൊതുചർച്ചയിൽ ഉയർന്ന ഈ വിമർശനങ്ങൾക്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദറും മറുപടി നൽകും.

+ There are no comments

Add yours